palakkad local

കാട്ടാനശല്യം; താല്‍ക്കാലിക ഔട്ട് പോസ്റ്റിന് സ്ഥലം ലഭിച്ചില്ല

കൊല്ലങ്കോട്: കാട്ടാനകള്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി വിഹരിക്കുമ്പോഴും രക്ഷാനടപടിയുടെ ഭാഗമായി ഔട്ട് പോസ്റ്റ് സ്ഥാപിക്കാനുള്ള നടപടി വനം വകുപ്പ് ഇനിയും തുടങ്ങിയില്ല. ആനശല്യം സ്ഥിരമായുള്ള മുതലമട മൂച്ചംകുണ്ടില്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാനാണ് വനം-പഞ്ചായത്ത് അധികൃതര്‍ സംയുക്തമായി തീരുമാനിച്ചത്. അടിസ്ഥാന സൗകര്യമുള്ള സ്ഥലം ലഭിക്കാത്തതാണ് വൈകുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സ്ഥലം ലഭിച്ചാല്‍ ഉടന്‍ ആനയുടെ ശല്യമുള്ള സ്ഥലത്ത് താല്‍കാലിക ഔട്ട് പോസ്റ്റ് സ്ഥാപിക്കുമെന്നും ജീവനക്കാരെ ക്രമീകരിക്കുമെന്നും വനം വകുപ്പും വ്യക്തമാക്കുന്നു. ഇതിനിടെ ദിനംപ്രതി ആനയുടെ പരാക്രമം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. ആനയിറങ്ങുന്ന സ്ഥലങ്ങളില്‍ വനം ഉദ്യോഗസ്ഥര്‍ ടയര്‍ കത്തിക്കലും പടക്കം പൊട്ടിക്കലും നടക്കുമ്പോള്‍ അതെല്ലാം മറികടക്കുകയാണ് കാട്ടാനകള്‍. കള്ളിയമ്പാറയിലെത്തിയ ഏഴാനക്കൂട്ടം ഇപ്പോള്‍ രണ്ട് സംഘങ്ങളായാണ് നാട്ടിലേക്കിറങ്ങി കൃഷിനാശം വരുത്തുന്നത്. ചെമ്മണാമ്പതി, കള്ളിയമ്പാറ എന്നീ ഭാഗങ്ങളില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ ഭീതിയിലാണ് മലയോര മേഖല.



Next Story

RELATED STORIES

Share it