wayanad local

കാട്ടാനയുടെ ആക്രമണം: ഹര്‍ത്താലില്‍ ഗൂഡല്ലൂര്‍ മേഖല സ്തംഭിച്ചു

ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ജനക്ഷേമ മുന്നണി ഗൂഡല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഗൂഡല്ലൂര്‍, മസിനഗുഡി, ദേവര്‍ഷോല, പന്തല്ലൂര്‍, ചേരമ്പാടി, ദേവാല, നാടുകാണി, പാടന്തറ, ബിദര്‍ക്കാട്, പാട്ടവയല്‍, ഓവാലി, അയ്യംകൊല്ലി, എരുമാട് തുടങ്ങിയ സ്ഥലങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചിലയിടങ്ങളില്‍ ടാക്‌സി വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല.
തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകളും അന്തര്‍സംസ്ഥാന ബസ്സുകളും സാധാരണപോലെ സര്‍വീസ് നടത്തി. എന്നാല്‍, യാത്രക്കാര്‍ നന്നേ കുറവായിരുന്നു. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. പന്തല്ലൂരില്‍ തോട്ടംതൊഴിലാളികളും പണിമുടക്കി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയായിരുന്നു ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും വീടും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹര്‍ത്താല്‍. രണ്ടു ദിവസത്തിനിടെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ മൂന്നു പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ജനക്ഷേമ മുന്നണി ആര്‍ഡിഒ വെങ്കിടാചലത്തിന് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it