wayanad local

കാട്ടാനഭീതിയില്‍ തലപ്പുഴ; ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധം നാളെ

മാനന്തവാടി: കാട്ടാന ഭീതിയില്‍ തലപ്പുഴ, വരയാല്‍, കണ്ണോത്തുമല നിവാസികള്‍. ജനവാസകേന്ദ്രമായ കണ്ണോത്തുമലയില്‍ കാട്ടാനകള്‍ ഭീതിവിതയ്ക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി.
പ്രദേശത്തെ കൃഷിയിടങ്ങളിലെത്തിയ കാട്ടാനകള്‍ തലക്കോട്ടില്‍ ശ്രീനിവാസന്‍, ബിജു, വിജയകുമാര്‍, കുന്നുമ്മല്‍ കണാരന്‍, കുട്ടപ്പന്‍, മൊയ്തീന്‍ എന്നിവരുടെ വാഴത്തോട്ടങ്ങളും തെങ്ങ്, കവുങ്ങ് എന്നിവയും വ്യാപകമായി നശിപ്പിച്ചു. കാട്ടാനക്കൂട്ടം പകല്‍ സമയങ്ങളില്‍ പോലും ജനവാസകേന്ദ്രത്തില്‍ തങ്ങുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.
നിരവധി തവണ വനംവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും കാട്ടാനകളെ തുരുത്താന്‍ നടപടി സ്വീകരിച്ചില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. ആദ്യമായാണ് പ്രദേശത്ത് കാട്ടാനശല്യം അനുഭവപ്പെടുന്നത്.
ഇതിനു പരിഹാരമാവശ്യപ്പെട്ട് പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ്. ബേഗൂര്‍, പേര്യ റേഞ്ചുകളെ തമ്മില്‍ ബന്ധിപ്പിച്ച് 400 മീറ്റര്‍ ദൂരം വൈദ്യുതി കമ്പിവേലി സ്ഥാപിച്ചാല്‍ കാട്ടാനശല്യത്തിന് പരിഹാരമാവും. ഈ ആവശ്യമുന്നയിച്ച് ആക്ഷന്‍ കമ്മിറ്റി നാളെ വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിക്കും.
Next Story

RELATED STORIES

Share it