wayanad local

കാട്ടാനക്കൂട്ടം പുഴ കടന്നെത്തുന്നു

മാനന്തവാടി: നഗരസഭയിലെ കൂടല്‍ക്കടവ്, ചാലിഗദ്ദ പ്രദേശങ്ങളിലെ ജനങ്ങള്‍ കാട്ടാനശല്യത്താല്‍ പൊറുതിമുട്ടുന്നു. കഴിഞ്ഞദിവസം രാത്രി കുറുവാദ്വീപില്‍ നിന്നു കബനി കടന്ന് എത്തിയ കാട്ടാനകള്‍ ഏക്കര്‍കണക്കിന് നെല്‍കൃഷിയാണ് നശിപ്പിച്ചത്. കൂടല്‍ക്കടവിലെ ചാലില്‍ ജോസ്, പൈക്കാട്ട് ജോസ്, ചെമ്മാട് കോളനിയിലെ അച്ചപ്പന്‍, വെള്ളന്‍, ചാപ്പന്‍, പുണംകാവില്‍ ഷാജി, അനില്‍, പാല്‍വെളിച്ചം കുറുവാദ്വീപിന് സമീപത്ത് കരിമാംതടത്തില്‍ സനല്‍, വടക്കേല്‍ സന്തോഷ്, പറയ്ക്കല്‍ ഒമാന എന്നിവരുടെ ഏക്കര്‍കണക്കിന് നെല്‍കൃഷിയും ചാലിഗദ്ദ അംബേദ്കര്‍ കോളനിയിലെ രവിയുടെ അര ഏക്കര്‍ വിളവെടുപ്പിന് പാകമായ പയര്‍കൃഷിയും കാട്ടാനകള്‍ നശിപ്പിച്ചു. മൂന്നുവര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് കൂടല്‍ക്കടവ് മുതല്‍ ചാലിഗദ്ദ, കുറുവാദ്വീപ്, പാല്‍വെളിച്ചം വരെ പുഴയോരത്ത് ഫെന്‍സിങ് സ്ഥാപിച്ചിരുന്നു. നിര്‍മാണത്തിലെ അപാകതയും സംരക്ഷണമില്ലാത്തതും കാരണം ഫെന്‍സിങ് നശിച്ചു. ഈ വര്‍ഷം മാര്‍ച്ച് മൂന്നിനു പാല്‍വെളിച്ചം അമ്പലത്തിലെ ഉല്‍സവം കഴിഞ്ഞു മടങ്ങിയ പാറയ്ക്കല്‍ ശശി കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നെല്‍കൃഷി നഷ്ടമായിട്ടും പലരും പാരമ്പര്യ കൃഷി എന്ന നിലയ്ക്കാണ് കൃഷിയിറക്കുന്നത്. ഞാറു നാടുന്നത് മുതല്‍ വിളവെടുപ്പ് പുര്‍ത്തിയാക്കുന്നതു വരെ വയലില്‍ കൊടും തണപ്പിനെ അതിജീവിച്ചാണ് കൃഷി സംരക്ഷിക്കുന്നത്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമാണ് ആനയെ ഓടിക്കുന്നത്. ഇപ്പോള്‍ പലപ്പോഴും ആന കര്‍ഷകര്‍ക്കു നേരെ തിരിയുകയാണ്. ലോണെടുത്തും മറ്റും കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹരവും വനംവകുപ്പില്‍ നിന്നു ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. കുറുവാദ്വീപില്‍ നിന്നു കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നതിനു ശാശ്വത പരിഹാരമായി കൂടല്‍ക്കടവ് മുതല്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. കാട്ടാനയെ കൂടാതെ കുരങ്ങ്, പന്നി, മാന്‍ എന്നിവയും കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ എത്തുന്നതു പതിവായി. നെല്‍കൃഷിയിലെ രോഗബാധയും വന്യമൃഗശല്യവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരെ ദുരിതത്തിലാക്കി. വനംവകുപ്പില്‍ കൃഷിനാശത്തിന് അപേക്ഷ നല്‍കിയാലും എന്നു നഷ്ടപരിഹാരം ലഭിക്കുമെന്നു പറയാന്‍ പോലും ബന്ധപ്പെട്ടവര്‍ക്കു കഴിയുന്നില്ല.
Next Story

RELATED STORIES

Share it