Pathanamthitta local

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

ചിറ്റാര്‍: കുട്ടിയാനക്കൊപ്പം നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. മണ്‍പിലാവ് ദേവിക്ഷേത്രത്തിന് സമീപത്താണ് ആനക്കൂട്ടം ഇറങ്ങിയത്. മണ്‍പിലാവ് പേഴുംകാട്ടില്‍ സലീം, ഇടയിലേമുറിയില്‍ ഷാജി, കരിയന്‍പ്ലാക്കല്‍ കുഞ്ഞുകുട്ടി എന്നിവരുടെ കൃഷിയിടമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
ഒരാഴ്ചയായി കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു കുട്ടിയാനയും ആറുപിടിയാനയുമാണ് ഇവിടെയിറങ്ങിത്. പകല്‍ സമയത്തും ജനവാസ കേന്ദ്രത്തില്‍ ആനക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. പടക്കംപൊട്ടിച്ചും പാട്ടകൊട്ടിയും കാട്ടിലേക്ക് കയറ്റിവിടാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആനക്കൂട്ടം ഇതൊന്നും വകവയ്ക്കാതെയാണ് നില്‍ക്കുന്നത്. ചൂതുപൊരുതാംപാറക്ക് സമീപത്തായാണ് ഇപ്പോള്‍ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത് ഈ ഭാഗത്തെ വനാതിര്‍ത്തികളില്‍ വേലികളോ കിടങ്ങുകളോ ഇല്ലാത്തതാണ് വന്യമൃഗങ്ങള്‍ ഇറങ്ങാന്‍ ഇടയാവുന്നത്. ആനക്കൂട്ടത്തെ കാട്ടിലേക്ക് തരിച്ചുവിടാന്‍ വനപാലകര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വനത്തിനുളളിലെ ജലദൗര്‍ലഭ്യവും അസഹ്യമായ ചൂടുമാണ് ആനക്കട്ടം ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുവാന്‍ കാരണമാവുന്നത്. രണ്ടാഴ്ച മുമ്പും ആനക്കൂട്ടം ഈ പ്രദേശത്ത് ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ആനക്കൂട്ടത്തെ ഭയന്ന് ഇവിടുത്തുകാര്‍ രാത്രികാലങ്ങളില്‍ വിളക്കുകള്‍ കത്തിച്ചുവച്ച് കൃഷികള്‍ക്ക് കാവലിരിക്കുകയാണ്.
Next Story

RELATED STORIES

Share it