Pathanamthitta local

കാട്ടാനക്കൂട്ടം ആദിവാസി കുടുംബത്തിന്റെ കുടില്‍ തകര്‍ത്തു



പത്തനംതിട്ട: കാട്ടാനക്കൂട്ടം വനവാസികളായ മലമ്പണ്ടാര വിഭാഗത്തില്‍പ്പെടുന്ന ആദിവാസി കുടുംബത്തിന്റെ കുടില്‍ തകര്‍ത്തു. ഒന്നരവയസ്സുള്ള കുഞ്ഞടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശബരിഗിരി ജലവൈദ്യുതി പദ്ധതിയോട് ചേര്‍ന്ന സീതത്തോട് ഗ്രാമപ്പഞ്ചായത്തിലെ സായിപ്പന്‍കുഴി ആദിവാസി കോളനിയിലെ ഓമനയുടെ കുടിലാണ് ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. സംഭവം നടക്കുമ്പോള്‍ ഓമനയുടെ ഒന്നരവയസ്സുള്ള മകള്‍ രഞ്ജിനി, മറ്റു മക്കളായ രാജേഷ്, ശ്രുതി, രഞ്ജിത്ത്, അപ്പുണ്ണി എന്നിവര്‍ കുടിലിനുള്ളില്‍ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഞെട്ടിയെണീറ്റപ്പോഴേക്കും പത്തോളം വരുന്ന കാട്ടാനക്കൂട്ടം കുടിലിന് നേര്‍ക്ക് പാഞ്ഞു വന്നു. ഇവര്‍ ബഹളം വച്ചപ്പോള്‍ കാട്ടാനക്കൂട്ടം മാറി. ഈ തക്കത്തിന് കുട്ടികളെയും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു ഓമന. പുലര്‍ച്ചെ അഞ്ചു മണി വരെ ആനക്കൂട്ടം കുടിലിന് സമീപം നിലയുറപ്പിച്ചു. സായിപ്പുംകുഴി കോളനിയില്‍ പത്തോളം ആദിവാസി കുടുംബങ്ങളാണ് കുടില്‍കെട്ടി താമസിക്കുന്നത്. കനത്ത മഴ തുടങ്ങിയതോടെ ആനക്കൂട്ടം ഉള്‍വനത്തില്‍ നിന്ന് കോളനിയിലേക്ക് ഇറങ്ങിത്തുടങ്ങി. ജീവന്‍ പണയം വച്ചാണ് കുടിലില്‍ രാത്രി കഴിച്ചു കൂട്ടുന്നതെന്ന് ഓമന പറഞ്ഞു. ആനയെ ഓടിക്കാന്‍ കുടിലുകളിലെ മുതിര്‍ന്നവര്‍ കാവല്‍ ഇരിക്കും. കഴിഞ്ഞ ദിവസം ആനയെ കണ്ട് ഭയന്ന ഓടിയ കോളനിയിലെ ചെല്ലമ്മ (85)യ്ക്ക് വീണ് വലതുകൈക്ക് ഗുരുതരപരുക്കേറ്റിരുന്നു. കമ്പും കാട്ടുംവള്ളിയും കൊണ്ട് നിര്‍മിച്ച കൂരയ്ക്ക് മുകളില്‍ ടാര്‍പ്പ വലിച്ചു കെട്ടിയാണ് ഇവര്‍ കഴിയുന്നത്. ആനയെ ഭയപ്പെടുത്താന്‍ മുറ്റത്ത് ആഴി കൂട്ടി അതിന് ചുറ്റും കിടക്കും. ആഴിയിലുണ്ടാകുന്ന ചാരം തിന്നാനാണ് ആനക്കൂട്ടം എത്തുന്നത്.
Next Story

RELATED STORIES

Share it