kozhikode local

കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ചു



പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ വനപാലകരുടെ കാട്ടാന പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം പാളുന്നു. ഏറ്റവുമൊടുവില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴില്‍ പെട്ട ചെങ്കോട്ടക്കൊല്ലി വനാതിര്‍ത്തിയില്‍ അടുത്ത കാലത്ത് സ്ഥാപിച്ച കിടങ്ങ് മറികടന്നു കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങി. വാഴയും മറ്റു ഇടവിള കൃഷികളും നശിപ്പിച്ചു. മൂരിയുള്ള കുന്നുമ്മല്‍ ദേവകി, വിനയകുമാര്‍ ചേന്നംകുളത്ത് എന്നിവരുടെ കൃഷിയിടങ്ങളില്‍ ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന നാശം വിതച്ചത്. പറമ്പുകളിലെ മണ്‍കൈയ്യാലകള്‍ ഇടിച്ചു നശിപ്പിക്കുകയും ചെയ്തു.13 ലക്ഷത്തില്‍പരം രൂപ വകയിരുത്തിയാണ് ഇവിടെ ട്രഞ്ചു നിര്‍മിച്ചത്. ഇത് ഫലവത്തല്ലെന്നു തുടക്കം മുതല്‍ തന്നെ ഒരു വിഭാഗം കര്‍ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. പെരുവണ്ണാമൂഴി വനമേഖലയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിലധികവും പ്രവര്‍ത്തന രഹിതമാണ്. വാര്‍ഡ് ആറില്‍ പെട്ട ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പിലാക്കാന്‍ വനം വകുപ്പ് നീക്കം നടത്തുന്നുണ്ട്. ആന വരുന്നത് കാണാനാണിത്. ഏഴാം വാര്‍ഡിലും ഈ പദ്ധതി നടപ്പാക്കാമെന്നാണു വനപാലകര്‍ ഇപ്പോള്‍ പറയുന്നത്. കാട്ടാന ശല്യം വനപാലകര്‍ക്കു കൊയ്ത്താണെന്നാണു നാട്ടുകാരായ ചില കര്‍ഷകരുടെ അഭിപ്രായം. മേഖലയില്‍ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും മറികടന്നു വീണ്ടും കാട്ടാനയെത്തിയത് ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു വാര്‍ഡ് മെമ്പര്‍ ഷീനാ റോബിന്‍, യൂത്ത് കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടത്ത് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it