thiruvananthapuram local

കാട്ടാക്കടയില്‍ എസ്ഡിപിഐ-സമാജ്‌വാദി പാര്‍ട്ടി സഖ്യം നിര്‍ണായക ശക്തിയാവും

തിരുവനന്തപുരം: നിയമസഭ തിരഞെടുപ്പില്‍ എസ്ഡിപിഐ-സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി കാട്ടാക്കട മണ്ഡലത്തില്‍ നിന്ന് അഷ്‌റഫ് പ്രാവച്ചമ്പലം ജനവിധിതേടും. നിരവധി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ നിര്‍ണായകമാവും. വിളപ്പില്‍ ചവര്‍ ഫാക്ടറി പൂട്ടണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി സമര രംഗത്തെത്തിയത് എസ്ഡിപിഐ ആണ്. ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരം സംഘടിപ്പിച്ചിരുന്നു. മുക്കുന്നിമലയില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി നിലനിന്നിരുന്ന ക്വാറിയുടെ കാര്യത്തിലും സമരനായകനും സ്ഥാനാര്‍ത്ഥിയുമായ അഷ്‌റഫ് പ്രാവച്ചമ്പലവും പാര്‍ട്ടിയും മുന്നിലുണ്ടായിരുന്നു.
രാഷ്ട്രീയ രംഗത്ത് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ജനങ്ങള്‍ അറിയുന്ന ജനങ്ങളെ അറിയുന്ന അഷ്‌റഫിന് മണ്ഡലത്തില്‍ ഉടനീളം വമ്പിച്ച സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
കപട രാഷ്ട്രീയത്തിനും ജനവിരുദ്ധ മുന്നണികള്‍ക്കും എതിരേ ജനപക്ഷ ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്ഡിപിഐ-എസ്പി സഖ്യം ജനവിധി തേടുന്നത്. ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയപ്പോള്‍ വോട്ടര്‍മാരില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്ന് സ്ഥാനാര്‍ഥി പറഞ്ഞു.
നെടുമങ്ങാട് എസ്ഡിപിഐ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു
നെടുമങ്ങാട്: എസ്ഡിപിഐ നെടുമങ്ങാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി പനവൂര്‍ അബ്ദുസ്സലാം ഉപവരണാധികാരി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡി രാധാകൃഷ്ണന്‍ മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ബ്ലോക്ക് പഞ്ചായത്തോഫിസില്‍ പ്രവര്‍ത്തകരുമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മണ്ഡലം പ്രസിഡന്റ് നാസര്‍ കൊപ്പം, സെക്രട്ടറി ഇര്‍ഷാദ് കന്യാകുളങ്ങര, നവാസ് ഖാന്‍, ഷാജഹാന്‍, വെമ്പായം സലീം, റാഫി വെമ്പായം പത്രിക സമര്‍പ്പണത്തിന് സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it