thrissur local

കാട്ടകാമ്പാല്‍ പൂരം ഇന്ന്; പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി



കുന്നംകുളം: ദാരികാസുരനെയും പടയെയും നേരിടാന്‍ കാട്ടകാമ്പാല്‍ ഒരുങ്ങി. വെള്ളിയാഴ്ച്ചയാണ് കാട്ടകാമ്പാല്‍ പൂരവും പ്രസിദ്ധമായ കാളിദാരിക പോരാട്ടവും. രാവിലെ ദാരിക നിഗ്രഹത്തില്‍ തടസങ്ങള്‍ ഒഴിയാന്‍ ‘ഗണപതിക്കിടല്‍’ നടക്കും. ആ സമയം ബ്രാഹ്മണിയമ്മ പാട്ടുമുണ്ടാകും. ഉച്ചയോടെ ദേശപൂരങ്ങള്‍ തട്ടകത്തെ ദേശങ്ങളില്‍ ആരംഭിക്കും. ദേശപ്രദക്ഷിണത്തിനുശേഷം ദേശ പൂരങ്ങള്‍ അമ്പല മുറ്റത്ത് സംഗമിക്കും. ദേശപൂരങ്ങള്‍ ക്ഷേത്രത്തില്‍ സമാപിക്കുന്നതോടെ ദേവസ്വം പൂരം ആരംഭിക്കും. ദേവസ്വം ആന ആനകള്‍ക്ക് നടുവില്‍ എഴുന്നെള്ളും. ഇതോടെ മേളങ്ങളെല്ലാം നിലച്ച് ശാന്തമാകുന്ന പൂര പറമ്പും പുരുഷാരവും കാളി, ദാരിക വരവിനായി കാത്തിരിക്കും. യുദ്ധകളമായി സങ്കല്‍പ്പിക്കുന്ന പൂര പറമ്പിലേക്ക് ആദ്യമെത്തുക ദാരികന്‍മാരാണ്. ചെറു ദാരികര്‍ക്കു പിന്നാലെ  ദാരികനും പ്രവേശിക്കും. തൊട്ടു പിന്നാലെ കോപിഷ്ട്ടയായ കാളി യുദ്ധകളം ഇളക്കി മറിച്ച് കടന്ന് വരും. ഇതോടെ ആല്‍ത്തറ തണലില്‍ മേളക്കാര്‍ പാണ്ടി മേളം മുഴുക്കും.  തേരിലേറി മുദ്രകളാല്‍ അങ്കം കുറിക്കുന്ന കാളിദാരികര്‍ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കും. ക്ഷേത്രാങ്കണത്തില്‍ തേരില്‍ നിരന്ന് ദാരികന്‍മാരും കാളിയും വാക്‌പോര് നടത്തും. ചെറു ദാരികന്‍മാരുടെ പരിഹാസത്തില്‍ കാളി കോപിഷ്ടയാകും. ഇതോടെ ചെറുദാരികര്‍ ഭയന്നോടി മറയും. തുടര്‍ന്ന് ശിവ നടയില്‍ കാളിയും ദാരികനും മുഖാമുഖം ഏറ്റ് മുട്ടും. ഒടുവില്‍ ഭയന്ന ദാരികന്‍ ആള്‍ക്കൂട്ടത്തില്‍ മറയുന്നതോടെ പകല്‍ പൂരം സമാപിക്കും. ശനിയാഴ്ച്ച വെളുപ്പിന് ദേശ പുരങ്ങള്‍ക്ക് ശേഷം വീണ്ടും കാളി ദാരിക പോരാട്ടം നടക്കും. പരാജയം ഭയന്ന് ഓടായൊളിക്കുന്ന ദാരികനെ വധിക്കുന്നതോടെ കാട്ടകാമ്പാല്‍ പൂരം സമാപിക്കും.ദേശത്തെ നായന്മാരുടെ നേതൃത്വത്തില്‍ മൂന്ന് കുതിരകളെ ഉണ്ടാക്കിയാണ് ചെറിയ കുതിര വേല ആഘോഷിച്ചത്.
Next Story

RELATED STORIES

Share it