kasaragod local

കാടുകയറാതെ കാട്ടുകൊമ്പന്‍ നാശം വിതയ്ക്കുന്നു

ദേലംപാടി: കാടുകയറാതെ കാട്ടുകൊമ്പന്‍. അഡൂര്‍ പാണ്ടി മേഖലകളില്‍ കാടിറങ്ങി കൃഷിനാശം വരുത്തിയ കാട്ടാനകളില്‍ ഒരു കാട്ടുകൊമ്പന്‍ മാത്രം കാടു കയറാതെ ഭീതി വിതക്കുന്നു. ഈ കാട്ടുകൊമ്പനെ കാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് വനം വകുപ്പ് അധികൃതര്‍. പത്ത് ദിവസം മുമ്പ് കുട്ടിയാനകള്‍ അടങ്ങുന്ന പത്തോളം ആനകള്‍ രണ്ടു കര്‍ണാടക വനമേഖലയില്‍ നിന്നും കൂട്ടമായെത്തിയിരുന്നു. ഇവ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു.
പടക്കംപൊട്ടിച്ചും ചെണ്ട കൊട്ടിയും തീ പന്തംകൊളുത്തിയും പല തവണ ആനകളെ വിരട്ടി ഓടിച്ചു കാട് കയറ്റിയെങ്കിലും വനം വകുപ്പ് അധികൃതരും നാട്ടുകാരും പിന്‍തിരിയുന്നതോടെ ആനകള്‍ വീണ്ടും ജനവാസ കേന്ദ്രങ്ങളിലെത്തുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ആനകൂട്ടം ജനവാസ കേന്ദ്രത്തില്‍ വീണ്ടുമെത്തിയത്. ആയിരത്തോളം വാഴകള്‍, ചെറിയ തെങ്ങുകള്‍, കവുങ്ങുകള്‍ തുടങ്ങി വിവിധ കൃഷികള്‍ നശിപ്പിക്കുകയാണ്. വനം വകുപ്പ് അധികൃതര്‍ പാണ്ടിയില്‍ ക്യംപ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച് ആനകളെ തുരത്തി ഓടിക്കുവാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട്‌പോവുകയായിരുന്നു.
ഇതിനിടെ മറ്റു ആനകള്‍ കാടു കയറിയിട്ടും ഒരു കൊമ്പന്‍ മാത്രം കൂട്ടം തെറ്റി കാടു കയറാതെ ഭീതി പരത്തുകയാണ്. കൂട്ടമായെത്തിയ ആനകളെ ദിവസങ്ങളെടുത്ത് ഉള്‍വനത്തിലേക്ക് കടത്തി വിട്ടിരുന്നു. അതിര്‍ത്തി ഗ്രാമമായ അഡൂര്‍, പാണ്ടി പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടത്തോടെയെത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. ആനകള്‍ കാട് കയറി പോയാല്‍ മാത്രംപോര ആവാസ കേന്ദ്രമായ കര്‍ണാടക വനത്തില്‍പോയാല്‍ മാത്രമെ ഭീതി ഒഴിയുകയുള്ളുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഒരു ആന മാത്രം കാട് കയറാതെ നില്‍ക്കുന്നത് പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്. ഓണ അവധിപോലുമെടുക്കാതെയാണ് വകുപ്പ് അധികൃതര്‍ കാട്ടാനകളെ തുരത്താന്‍ ശ്രമം നടത്തിയത്.
മുന്‍ കാലങ്ങളില്‍ വേനല്‍ ചൂടില്‍ വെള്ളം തേടിയും ഭക്ഷണത്തിന് വേണ്ടിയും മാത്രം എത്തി നാശം വിതച്ചിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ കര്‍ണാടക ഉള്‍വനത്തിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉണ്ടായത് മൂലമാണ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയതെന്നാണ് സംശയിക്കുന്നതെന്ന് വനംവകുപ്പ് പറഞ്ഞു.

Next Story

RELATED STORIES

Share it