palakkad local

കാഞ്ഞിരപ്പുഴ ഡാമില്‍ ജലസംഭരണം വൈകും

മണ്ണാര്‍ക്കാട്: കനത്ത മഴയിലും ജലം സംഭരിക്കാനാവാതെ കാഞ്ഞിരപ്പുഴ ഡാം. ഡാമിന്റെ ഷട്ടറുകള്‍ പുനസ്ഥാപിക്കുന്ന ജോലിക്കായി ഡാം തുറന്നു വിട്ടിരിക്കുന്നത്. പഴയ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കാനായി പഴയ ഷട്ടറുകള്‍ അഴിച്ചു വച്ചിരിക്കുകയാണ്. ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലി ആഗസ്തിലെ പൂര്‍ത്തിയാവൂ.
ഇതു പൂര്‍ത്തിയായതിന് ശേഷമാകും ഡാമില്‍ വെള്ളം സംഭരണം ആരംഭിക്കുക. ഡാമിന്റെ അടിയിലെ ഷട്ടറും  പ്രധാന മൂന്ന് ഷട്ടറുകളും രണ്ട് കനാലുകളും തുറന്നു വിട്ടിരിക്കുകയാണ്. ജൂണ്‍ പകുതിക്ക് മുമ്പ് ഷട്ടറുകള്‍ അടയ്ക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ 15ന് മുമ്പ് സംഭരണം ആരംഭിക്കുമെന്ന് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഷട്ടര്‍ ജോലികള്‍ ഓഗസ്‌റ്റോടെ മാത്രമെ പൂര്‍ത്തിയാവൂ എന്ന് കരാറുകാരന്‍ പറഞ്ഞു. കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദേശ പ്രകാരം ഷട്ടര്‍ പുനസ്ഥാപിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തിയതാണ് ഷട്ടര്‍ ജോലികള്‍ തീരാന്‍ വൈകിയതെന്നും കരാറുകാരന്‍ പറഞ്ഞു. ഒരുവര്‍ഷമായി ഡാമില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഷട്ടറുകള്‍ മാറ്റുന്നത്.
അതേ സമയം കനത്ത മഴ പെയ്യുന്ന സമയത്ത് വെള്ളം സംഭരിക്കാന്‍ കഴിയാത്തത് ഡാമിലെ ജല സംഭരണത്തെ ബാധിക്കുമെന്ന് നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ഈ ആശങ്ക അസ്ഥാനത്താണെന്നും കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്നും രണ്ടാഴ്ചകൊണ്ട് ഡാം നിറഞ്ഞെന്നും ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it