palakkad local

കാഞ്ഞിരപ്പുഴ ഉദ്യാനം പുതുക്കുന്നു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയ ശേഷം ഉത്തരവിറങ്ങും

മണ്ണാര്‍ക്കാട്: പെരുമനഷ്ടമായ കാഞ്ഞിരപ്പുഴ ഉദ്യാനം വിനോദ സഞ്ചാരികള്‍ക്കായി പുതുക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ നിന്ന് ജലസേചന വകുപ്പിനു കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പുതുക്കാമെന്നാണ് ജലസേചന വകുപ്പിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറുന്ന മുറക്ക് ഉത്തരവിറങ്ങുമെന്നും ഉദ്യാനത്തിന്റെ നടത്തിപ്പ് ജലസേചന വകുപ്പിനു കൈമാറിയാല്‍ മലമ്പുഴ ഉദ്യാനത്തില്‍ നടത്തിയതു പോലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫണ്ട് ലഭ്യമാവുകയും ചെയ്യും.
വര്‍ഷത്തില്‍ മൂന്നു ലക്ഷം രൂപയോളം നഷ്ടത്തിലാണ് ഇപ്പോ ള്‍ ഉദ്യാനം പ്രവര്‍ത്തിക്കുന്നത്. ഇറിഗേഷന്‍ വകുപ്പിന് കൈമാറുന്നതിലൂടെ ഉദ്യാനത്തിന്റെ മോടി കൂട്ടി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാവും. ഇതിനുള്ള പ്ലാനുകള്‍ ഇറിഗേഷന്‍ വകുപ്പ് ആസൂത്രണം ചെയ്തു വരികയാണെന്ന് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അറിയിച്ചു.മലമ്പുഴ ഉദ്യാനത്തെക്കാള്‍ കൂടുതല്‍ സ്ഥലം കാഞ്ഞിരപ്പുഴ ഇറിഗേഷനുണ്ടെങ്കിലും ഉദ്യാനം നവീകരിച്ചാല്‍ നഷ്ടത്തിലായ ഉദ്യാനത്തിന് പ്രതാപം വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തനം പൂര്‍ത്തിയായി ആറു മാസത്തിനകം ലാഭത്തിലാക്കാന്‍ കഴിയുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആകര്‍ഷകമായിരുന്ന വാട്ടര്‍ ഫൗണ്ടനുകളും സന്ദര്‍ശകര്‍ക്കു ആസ്വാദ്യകരമായിരുന്ന ബോട്ട് യാത്രയും നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി. ഡാമിനു താഴെയുള്ള തടാകത്തിലാണ് ബോട്ട് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിയിരുന്നത്. പുതിയ കൈമാറ്റം മണ്ണാര്‍ക്കാടിന്റെ ടൂറിസം വികസനത്തിന്റെ ചരിത്രത്തിലെ നാഴിക കല്ലാവുമെന്നാണ് കണക്കു കൂട്ടല്‍.തട്ടേക്കാട് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടുത്തെ ബോട്ടിങ് നിര്‍ത്തിയത്. ഇതു പിന്നീട് പുനരാരംഭിച്ചില്ല. ബോട്ടുകള്‍ തുരുമ്പെടുത്തു നശിച്ചു. റിസര്‍വോയര്‍ ടൂറിസത്തിനും ഏറെ സാധ്യതയുള്ള ഡാമാണ് കാഞ്ഞിരപ്പുഴ. ഇതും ടൂറിസത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്.
ഇടതു കനാലിനുപ്പുറം ഡാമിനു താഴെയുള്ള സ്ഥലത്തേക്കു കൂടി ഉദ്യാനം വികസിപ്പിച്ച് ആകര്‍ഷകത്വം കൂട്ടാനും പദ്ധതിയുണ്ട്. ഉദ്യാനകാഴ്ച്ചകള്‍ കണ്ട് എത്തുന്നവര്‍ക്ക് ഡാമിനു താഴെയുള്ള തടാകത്തിനു അഭിമുഖമായി ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ നിര്‍മ്മിച്ചും ബോട്ട് യാത്ര പുനരാരംഭിച്ചും ഉദ്യാനം മോടികൂട്ടാനുള്ള പദ്ധതികള്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it