Kottayam Local

കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ അപാകത പരിഹരിക്കണം

കോട്ടയം: കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷനിലെ ശുചിമുറികളിലെ ദുരവസ്ഥയും ജലക്ഷാമവും അടിയന്തരമായി പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
ഇടക്കുന്നം സ്വദേശി മുഹമ്മദ് നാസര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 21 ഓഫിസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ ജലക്ഷാമം രൂക്ഷമാണെന്ന് ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു. മഴവെള്ള സംഭരണിയിലെ ജലമാണ് ഉപയോഗിക്കുന്നതെങ്കിലും അത് അപര്യാപ്തമാണ്. വൈദ്യൂതി മിക്കവാറും തകരാറിലായിരിക്കും. ചിറ്റാര്‍പുഴയുടെ തീരത്ത് കിണര്‍ നിര്‍മിച്ച് വെള്ളമെടുക്കാന്‍ കാഞ്ഞിരപ്പള്ളി എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് പണം കണ്ടെത്താന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടറുടെ വിശദീകരണത്തില്‍ പറയുന്നു.
വെള്ളക്ഷാമം കാരണം ശൗചാലയങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ കഴിയുന്നില്ല. മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെയും സന്ദര്‍ശകരുടെയും അവസ്ഥ പരിതാപകരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ജല അതോറിറ്റി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് എംഎല്‍എ ഫണ്ട് ലഭ്യമാക്കാന്‍ കലക്ടര്‍ നേരിട്ട് ഇടപെടണം. കെട്ടിടത്തിലെ ബാനറുകളും ബോര്‍ഡുകളും ഉടന്‍ നീക്കണം. സംഘടനകള്‍ക്ക് ബോര്‍ഡ് സ്ഥാപിക്കാന്‍ പ്രതേ്യകം സ്ഥലം അനുവദിക്കണം. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിവൈഎസ്പി ഓഫിസിന്റെ താക്കോല്‍ ഡിസംബറിനു മുമ്പ് തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ ഈ മാസത്തെ വാടക ഡിവൈഎസ്പിയില്‍ നിന്നു വ്യക്തിപരമായി ഈടാക്കണമെന്നും ജസ്റ്റിസ് ജെ ബി കോശി നിര്‍ദേശിച്ചു.
ഒരു ലിഫ്റ്റ് ഓപറേറ്ററെ നിയമിക്കാന്‍ റവന്യൂ അധികാരികള്‍ നടപടിയെടുക്കണം. നടപടിക്രമം കലക്ടര്‍ക്കും ഡിവൈഎസ്പിക്കും ജല അതോറിറ്റിക്കും റവന്യൂ സെക്രട്ടറിക്കും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കൈമാറി.
Next Story

RELATED STORIES

Share it