Kottayam Local

കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ വെള്ളമില്ല; ജീവനക്കാര്‍ സമരത്തിലേക്ക്

കാഞ്ഞിരപ്പള്ളി: നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പെന്‍ ഡൗണ്‍ സമരത്തിന് ഒരുങ്ങുന്നു.
സമരത്തിന് മുന്നോടിയായി വനിതാ ജീവനക്കാര്‍ സിവില്‍ സ്റ്റേഷനില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ നേരില്‍കണ്ട് പരാതി നല്‍കി. സിവില്‍ സ്റ്റേഷനിലേക്കു വെള്ളമെത്തിക്കാന്‍ സമീപത്തുള്ള പോലിസ് സ്റ്റേഷന്റെ മുറ്റത്തു സ്ഥാപിച്ചിരിക്കുന്ന മഴവെള്ള സംഭരണി മാത്രമാണ് ഏക ആശ്രയം.
മഴയില്ലാത്തപ്പോള്‍ സംഭരണി കാലിയാകുന്നതോടെ മറ്റ് വഴികള്‍ തേടേണ്ട അവസ്ഥയാണ്. മനോഹരമായ ബഹുനില മന്ദിരം നിര്‍മിച്ചിട്ടും ജലമെത്തിക്കുന്നതിനുള്ള സംവിധാനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാത്തതിനാലാണ് പ്രതിഷേധം ശക്തമാക്കുന്നത്. 23 ഓഫിസുകളുള്ള അഞ്ചുനില കെട്ടിടത്തില്‍ 300ഓളം ജീവനക്കാരുണ്ട്. ദിനംപ്രതി നൂറുകണക്കിന് ആവശ്യക്കാരാണ് ഇവിടെ വന്നുപോവുന്നത്. ജീവനക്കാര്‍ രാവിലെ ജോലിക്കെത്തിയാല്‍ മഴവെള്ള സംഭരണിയില്‍ നിന്ന് ബക്കറ്റുകളില്‍ വെള്ളം ശേഖരിച്ച് ചുമന്ന് ഓരോ നിലയിലുമെത്തിക്കുകയാണ് ചെയ്യുന്നത്.
വെള്ളവുമായി കോണിപ്പടികള്‍ കയറി തളര്‍ന്നതോടെ പരാതിയുമായി വനിതാ ജീവനക്കാര്‍ ഒന്നടങ്കം പൊതുമരാമത്ത് വിഭാഗത്തെ സമീപിക്കുകയായിരുന്നു.
വെള്ളം തീരെ ഇല്ലാത്തത്തിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ജീവനക്കാര്‍ കുപ്പിവെള്ളം ഉപയോഗിക്കേണ്ട ഗതികേടിലാണ്. വെള്ളം ഉപയോഗിക്കാത്തതിനാല്‍ മുത്രപ്പുരകളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഇവയും ഉപയോഗശൂന്യമാണ്.
സിവില്‍ സ്റ്റേഷനിലേക്ക് മേലരുവി ജലവിതരണ പദ്ധതിയില്‍ നിന്ന് വെള്ളമെത്തിക്കുമെന്നു പ്രഖ്യാപനമുണ്ടായിട്ടും ഇതുവരെയും നടപടിയായില്ല. ജലക്ഷാമത്തിനു പരിഹാരം കാണാത്ത പക്ഷം യൂനിയന്‍ ഭേദമന്യേ ജോലി ബഹിഷ്‌കരണം ഉള്‍പ്പെടെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it