Kottayam Local

കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ 10.90 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം



കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തില്‍ 13ാം പഞ്ചവല്‍സര പദ്ധതിയിലെ 2017-18 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ 10.90 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസുത്രണസമിതി അംഗീകാരം നല്‍കി. ജനറല്‍ വിഭാഗത്തില്‍ 5.67 കോടി രൂപയും എസ്‌സിപി വിഭാഗത്തില്‍ 2.79 കോടി രൂപയും ടിഎസ്പി വിഭാഗത്തില്‍ ഒരു കോടി രൂപയും, മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 67.89 ലക്ഷം രൂപയും തനത് ഫണ്ട് ഇനത്തില്‍ 31.55 ലക്ഷം രൂപയും മറ്റു ഗ്രാമപ്പഞ്ചായത്തുകളുടെ വിഹിതത്തില്‍ 36.20 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് വിഹിതമായ 8 ലക്ഷം രൂപയും അടക്കം 10.90 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് ഇനി തുടക്കം കുറിക്കാം. 2017-18 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തുകളിലൊന്ന് എന്ന ബഹുമതിയും കാഞ്ഞിരപ്പള്ളി സ്വന്തമാക്കിയിരിക്കുകയാണ്. ജില്ലയില്‍ പദ്ധതിക്ക് അംഗീകാരം നേടിയ ആദ്യ ബ്ലോക്ക് പഞ്ചായത്തും കാഞ്ഞിരപ്പള്ളിയാണ്. കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന കിസാന്‍ ആശ്വാസ് പദ്ധതി, മാലിന്യ പ്രശ്‌നപരിഹാരത്തിന് പ്ലാസ്റ്റിക് ഷെഡിങ് യൂനിറ്റിനായി 12.5 ലക്ഷവും ആരോഗ്യ മേഖലയില്‍ സിഎച്ച്‌സികളില്‍ ഡയാലിസിസ് യൂനിറ്റിനായി 22 ലക്ഷവും മാറ്റിവച്ചിട്ടുണ്ട്. ദന്താരോഗ്യ ചികില്‍സാ വിഭാഗം, ജല സംരക്ഷണത്തിന് ഗ്രാമീണ തോടുകളില്‍ തടയണകള്‍, കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണം, എസ്‌സി, എസ്ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കോളനികളില്‍ അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തല്‍, തൊഴില്‍സംരക്ഷണ നൈപുണ്യവികസന പദ്ധതികള്‍, മെഡിക്കല്‍ ക്യാംപുകള്‍, യുവജനങ്ങള്‍ക്കായി വാദ്യോപകരണങ്ങള്‍, കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം, കാര്‍ഷികവിപണികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കല്‍, അങ്കണവാടി കുട്ടികള്‍ക്ക് പൂരക പോഷകാഹാരത്തിനുള്ള ധനസഹായം തുടങ്ങിയവയും പദ്ധതിയിലുണ്ട്. പട്ടിമറ്റം പടപ്പാടിപ്പടി, എരുമേലി മ്ലാക്കയം ചെക്ക്ഡാം നിര്‍മാണത്തിന് 15 ലക്ഷം വീതം, പൈങ്കന ചെക്ക് ഡാമിന് 9.10 ലക്ഷവും ആനക്കല്ല് പൊന്‍മല ചെക്ക്ഡാമിന് ജില്ലാ പഞ്ചായത്തിന്റെയും കൂടി 18 ലക്ഷവും വെളിച്ചിയാനി സ്‌കൂളിന് സമീപം ചെക്ക് ഡാമിന് അഞ്ചു ലക്ഷവും നീക്കിവച്ചു. അങ്കണവാടികള്‍ക്ക് അധിക ഗ്യാസടുപ്പുകളും അനുവദിച്ചിട്ടുണ്ട്. ഉല്‍പ്പാദന, സേവന, പശ്ചാത്തല മേഖലകളില്‍ അനുപാതികമായി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമീണ റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തല്‍, കുളിക്കടവുകളുടെ നിര്‍മാണം, വനിതാ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പൊതു സാംസ്‌കാരിക നിലയങ്ങള്‍ എന്നിവയുടെ നവീകരണം തുടങ്ങിയവയും ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും ആസൂത്രണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, റോസമ്മ ആഗസ്തി, ബിഡിഒ കെ എസ് ബാബു, ക്ലര്‍ക്ക് പി വി രാജു, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഷാജി ജേക്കബ് പങ്കെടുത്തു.
Next Story

RELATED STORIES

Share it