Kottayam Local

കാഞ്ഞിരപ്പള്ളി ടൗണില്‍ ജല വിതരണം മുടങ്ങിയിട്ട് ഒരുമാസം



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ജല അതോറിറ്റിയുടെ ജല വിതരണം മുടങ്ങിയിട്ട് ഒരു മാസം. പൊതു ടാപ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ജലം എത്താത്തതു മൂലം ജനം ദുരിതത്തിലായി. ഇതോടെ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു മാസത്തിലേറെയായി ജല വിതരണം നിലച്ചിട്ട്. കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പോലും ജല വിതരണമില്ല. 60 ദിവസമായി കാഞ്ഞിരപ്പള്ളി ടൗണില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ലഭിച്ചിട്ടില്ലന്നു കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികള്‍ ആരോപിച്ചു. നിരവധി തവണ ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞിട്ടും ഫലമില്ല. വിവിധയിടങ്ങളില്‍ സ്ഥാപിച്ച പൊതു ടാപ്പുകളും തകരാറിലാണ്. ജല വിതരണം നടക്കുമ്പോള്‍ പലയിടങ്ങളിലും പൈപ്പുകളില്‍ നിന്ന് വെള്ളം നഷ്ടമാവുന്നതായും പരാതിയുണ്ട്. കരിമ്പുക്കയം പമ്പ് ഹൗസിലെ ട്രാന്‍സ്‌ഫോമര്‍ തകരാറിലായതാണ് ജല വിതരണം മുടങ്ങാന്‍ പ്രധാന കാരണം. ഇതോടെ കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളില്‍ ജല വിതരണമെത്തിക്കാന്‍ കഴിയില്ല. 100 എച്ച്പി മോട്ടോര്‍ ഉപയോഗിച്ച് നടത്തിയ പമ്പിങാണ് ട്രാന്‍സ്‌ഫോമറിന്റെ തകരാര്‍ മൂലം തടസ്സപ്പെട്ടത്. ഇപ്പോള്‍ 20 എച്ച്പി ശേഷിയുള്ള മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. അതിനാല്‍ നേരത്തെ വിതരണം ചെയ്യുന്നതിന്റെ അഞ്ചിലൊന്ന് വെള്ളം മാത്രമാണ് നിലവില്‍ പമ്പ് ചെയ്യാന്‍ കഴിയുന്നത്. ചെറിയ മോട്ടോര്‍ ഉപയോഗിച്ചുള്ള പമ്പിങ് രാത്രിയിലായതിനാല്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നുമില്ല. ആഴ്ചയില്‍ മൂന്നു ദിവമെങ്കിലും ജല വിതരണം നടത്തുന്നതിനുള്ള അടിയന്തര നടപടി അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടാവണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ജല വിതരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ അവശ്യപ്പെടുന്നു. അതേസമയം ട്രാന്‍സ്‌ഫോമറിന്റെ തകരാര്‍ പരിഹരിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ ക്ഷണിച്ച് കരാറുകാരനെ ഏല്‍പ്പിച്ചെന്നു വാട്ടര്‍ അതോറിറ്റി അതികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it