Kottayam Local

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ബഹുനില മന്ദിര നിര്‍മാണം നിലച്ചു

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ ബഹുനില മന്ദിരത്തിന്റെ നിര്‍മാണം നിലച്ചു. അഞ്ചു നിലകളുള്ള കെട്ടിടം പൂര്‍ത്തിയായെങ്കിലും തുടര്‍ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. നഴ്‌സിങ് കോളജ് ഉള്‍പ്പെടെയുള്ളവ പുതിയ കെട്ടിടം നിര്‍മിച്ചു പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദേശിച്ചിരുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രമായ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി നിലവില്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ്. ദിവസേന 1000ല്‍പരം രോഗികളാണ് ഇവിടെ ചികില്‍സ തേടിയെത്തുന്നത്. സേവന സന്നദ്ധരായ ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രിക്കു മുതല്‍ കൂട്ടാവുമ്പോള്‍ സ്ഥലപരിമിതി അധികൃതരെയും രോഗികളെയും വലയ്ക്കുകയാണ്. താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തിയതോടെ അനുബന്ധമായി ജീവനക്കാരുടെ എണ്ണവും സൗകര്യങ്ങളും വര്‍ധിപ്പിച്ചിരുന്നു. എല്ലാ വിഭാഗത്തിലുമായി 30 ഡോക്ടര്‍മാരെ ആവശ്യമുള്ളപ്പോള്‍ 28 ഡോക്ടര്‍മാര്‍ നിലവിലുണ്ട്. ഏഴ് ഹെഡ് നഴ്‌സും ഗ്രേഡ് വണ്‍ വിഭാഗത്തില്‍ 14 പേരും ഗ്രേഡ് ടുവില്‍ 16 പേരുമായി 30 നഴ്‌സിങ് സ്റ്റാഫുകളുമുണ്ട്. അതേസമയം  രോഗികളെ കിടത്തി ചികില്‍സിക്കാന്‍ ആവശ്യത്തിന് കിടക്കകളില്ലാത്തത് അധികൃതരെയും രോഗികളെയും വലയ്ക്കുകയാണ്. പലപ്പോഴും ഒരു ബെഡ്ഡില്‍ രണ്ടും മൂന്നും രോഗികളെ കിടത്തേണ്ട ഗതികേടാണ്. കാലപ്പഴക്കം മൂലം ഉപേക്ഷിക്കേണ്ട അവസ്ഥയുള്ള കിടക്കകളില്‍ തന്നെയാണ് വീണ്ടും രോഗികളെ കിടത്തുന്നത്. പഴയ സര്‍ജറി വാര്‍ഡിന്റെ പിറകിലുള്ള  ബാത്ത് റൂമുകള്‍ പലതും തകര്‍ന്ന്  ഉപയോഗശൂന്യമായതിനാല്‍  രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമിക കൃത്യങ്ങള്‍ക്ക് ഏറെ പ്രതിസന്ധി നേരിടുന്നു.തീര്‍ഥാടന കാലമായതോടെ ദിവസേന നൂറിലധികം രോഗികളാണ് അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടിയെത്തുന്നത്. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ രോഗികളെ കിടത്തുന്നതിന് വേണ്ടത്ര സൗകര്യമില്ലാത്ത് ചികില്‍സയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വര്‍ഷം തോറും സര്‍ക്കാര്‍ കോടികള്‍  അനുവദിക്കുന്നുണ്ടെങ്കിലും കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധത്തിലാണ് ജനങ്ങള്‍.
Next Story

RELATED STORIES

Share it