Kottayam Local

കാഞ്ഞിരപ്പള്ളിയില്‍ 11 വീടുകള്‍ അപകടഭീഷണിയില്‍

കാഞ്ഞിരപ്പള്ളി: മഴ ശക്തമായതോടെ കാഞ്ഞിരപ്പള്ളിയില്‍ 11 വീടുകള്‍ അപകട ഭീഷണിയി ലായി. കഴിഞ്ഞ ദിവസം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ തോട് പുറമ്പോക്കില്‍ നിന്നിരുന്ന വീട് ഒലിച്ചുപോയി. ഈസമയം ഗൃഹനാഥന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാത്രി 7.30ഓടെയായിരുന്നു സംഭവം.
കുന്നുംഭാഗത്തിനു സമീപം മേലരുവിതോടു പുറമ്പോക്കില്‍ താമസിക്കുന്ന വെട്ടിയാങ്കല്‍ ജോസഫിന്റെ വീടാണ് തോട്ടിലേക്ക് ഇടിഞ്ഞുവീണത്. വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടു. തോട്ടില്‍ വീണു മണിയപ്പന്റെ തലയ്ക്കും കൈക്കും പരിക്കേറ്റു. ഭാര്യ മരിച്ച മണിയപ്പനും മൂന്നു മക്കളുമാണ് ഒരു മുറിയും അടുക്കളയും മാത്രമുള്ള ഈ കൊച്ചുവീട്ടില്‍ താമസിച്ചിരുന്നത്.
മൂത്ത മകള്‍ ജോസ്മി മുണ്ടക്കയത്ത് നഴ്‌സിങ് പഠിക്കുകയാണ്. സംഭവദിവസം ജോസ്മി പഠിക്കുന്ന സ്ഥാനപനത്തിലായിരുന്നു. മഴ ശക്തമായതോടെ മേലരുവില്‍ വെള്ളം ഉയര്‍ന്നു. അപകടം ഭയന്ന് മറ്റുമക്കളായ ജോസ്‌ലിനെയും റാണിയെയും മണിയപ്പന്‍ അയല്‍പക്കത്തെ വീട്ടിലേക്കു പറഞ്ഞയിച്ചിരുന്നു.
ശക്തമായ വെള്ളപ്പാച്ചിലില്‍ വീടിരുന്ന ഭാഗത്ത് തിട്ടയും മണ്ണും ഇടിഞ്ഞ് തോട്ടില്‍ നിന്ന് കെട്ടിയുയര്‍ത്തിയ വീടിന്റെ അടിത്തറ തകര്‍ന്ന് വീട് തോട്ടിലേക്കു വീഴുകയായിരുന്നു. പുറമ്പോക്കിലുള്ള 11 വീടുകള്‍ മഴക്കാലമായാല്‍ അപകട ഭീഷണിയിലാണ്. ജീവന്‍ പണയം വച്ചാണ് ഇവിടുള്ളവര്‍ കഴിയുന്നത്.
Next Story

RELATED STORIES

Share it