Kottayam Local

കാഞ്ഞിരപ്പള്ളിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തില്‍

കാഞ്ഞിരപ്പള്ളി: വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ലഭിച്ചിട്ടും സ്ഥലം ലഭ്യമാകാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാകുന്നു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മുടങ്ങിക്കിടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഡോ.എന്‍ ജയരാജ് എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സ്ഥലം ലഭ്യമാകാതെ വന്നതോടെ ടെന്‍ഡര്‍ ചെയ്ത പദ്ധതികള്‍ പോലും അനന്തമായി നീളാനാണ് സാധ്യത.കാഞ്ഞിരപ്പള്ളി ഫയര്‍സ്‌റ്റേഷന്‍ പുതിയ കെട്ടിടം, കാഞ്ഞിരപ്പള്ളി പോലിസ് കോപ്ലക്‌സ് നിര്‍മാണം, കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് നവീകരണ സമയത്തെ ഗതാഗതം, പാര്‍ക്കിങ് ക്രമീകരണം, ടൗണില്‍ സ്ഥാപിച്ചു വരുന്ന റോഡ് സുരക്ഷാ ഹാന്റ് റയില്‍ സംവിധാനം, കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ പണികള്‍ക്കായി പഞ്ചായത്ത് വക സ്ഥലം വിട്ടുനല്‍കുന്നത്, കാഞ്ഞിരപ്പള്ളി ടൗണ്‍ സൗന്ദര്യവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.ടൗണില്‍ റോഡ് സുരക്ഷാവേലി നിര്‍മിക്കുന്ന ഏജന്‍സിയായ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ജനുവരി അഞ്ചിന് ശേഷം സ്ഥലം സന്ദര്‍ശിച്ച് വ്യാപാരി വ്യവസായികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന്  യോഗത്തില്‍ തീരുമാനമായി. കാഞ്ഞിരപ്പള്ളി ഫയര്‍സ്‌റ്റേഷന്‍ പുതിയ കെട്ടിടം പണിയുന്നതിനും, കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ പണികള്‍ക്കും ആവശ്യമായി വരുന്ന സ്ഥലം കണ്ടെത്തി പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം കൈമാറുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് നവീകരണ സമയത്തെ ഗതാഗത പാര്‍ക്കിങ് ക്രമീകരണത്തിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലം ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ലഭ്യമാക്കാനും വ്യാപാരികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനും പഞ്ചായത്ത് തീരുമാനം എടുക്കാമെന്നും പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു.അടുത്ത മാസം പകുതിയോടെ ബസ് സ്റ്റാന്‍ഡ് നിര്‍മാണം നടത്തുന്നതിനാണ് തീരുമാനം.സിവില്‍ സ്‌റ്റേഷനിലേക്ക് ആവശ്യത്തിന് വെള്ളം എത്തിക്കുന്നതിന് കണ്ടെത്തിയ ജലസ്രോതസ്സിന് എംഎല്‍എ ഫണ്ട് ഉപയോഗിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കാഞ്ഞിരപ്പള്ളി ടൗണ്‍ സൗന്ദര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രൂപരേഖ യോഗം ചര്‍ച്ച ചെയ്തു.യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, വിവിധ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, റവന്യു വകുപ്പ് ,പൊതുമരാമത്ത് വകുപ്പ് ,ഫയര്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥഥര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it