Kottayam Local

കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാര്‍പുഴയെ സംരക്ഷിക്കാന്‍ പദ്ധതി

കാഞ്ഞിരപ്പള്ളി: ടൗണിന്റെ ഹൃദയഭാഗത്തു കൂടിയൊഴുകുന്ന ചിറ്റാര്‍പുഴ മാലിന്യ വിമുക്തമാക്കാനായി പദ്ധതിയൊരുങ്ങുന്നു. ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തിലാണു പദ്ധതി നടത്തിപ്പ്. തൊഴിലുറപ്പ് പദ്ധതി, ത്രിതല പഞ്ചായത്ത്, ഇറിഗേഷന്‍, സോയില്‍ കണ്‍സര്‍വേഷന്‍, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഹരിത കാഞ്ഞിരപ്പള്ളി പദ്ധതിയിലൂടെ ചിറ്റാര്‍പുഴയെ നവീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.പദ്ധതി നടത്തിപ്പിനെ കുറിച്ചുള്ള പഠനം നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി ചിറ്റാര്‍പുഴ സംരക്ഷണ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം പറഞ്ഞു. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ചെടികള്‍ നട്ടുപിടിപ്പിച്ച് ചിറ്റാര്‍ പുഴയോര സൗന്ദര്യവല്‍ക്കരണം, സായാഹ്ന വിശ്രമ കേന്ദ്രം, നടപ്പാത നിര്‍മാണം, മലിനജലം ഒഴുകിയെത്തുന്ന കുഴലുകള്‍ അടയ്ക്കും. മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുഴ സംരക്ഷിക്കും. വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് ചിറ്റാര്‍പുഴ. കൈത്തോടുകളില്‍ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ അടിഞ്ഞ് ചിറ്റാര്‍പുഴയുടെ ഒഴുക്കിനും തടസ്സമാവുന്നുണ്ട്. ചിറ്റാര്‍പുഴയോരത്തുള്ള കെട്ടിടങ്ങളിലെ മലിനജലം ഒഴുക്കിവിടുന്നതും ചിറ്റാര്‍പുഴയിലേക്കാണ്. പഞ്ചായത്ത് മാലിന്യം ഏറ്റെടുക്കുന്നത് നിര്‍ത്തിയത് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ചിറ്റാര്‍പുഴയിലേക്ക് തള്ളുന്നതിന് കാരണമാവുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിന് സ്ഥലം ഇല്ലാതായതോടെ പഞ്ചായത്ത് മാലിന്യം ഏറ്റെടുക്കുന്നത് നിര്‍ത്തി. വ്യാപാരികള്‍ സ്വന്തമായി മാലിന്യം സംസ്‌കരിക്കണമെന്നാണ് പഞ്ചായത്തിന്റെ നിര്‍ദേശം. പട്ടണത്തിലെ മാലിന്യം എടുത്ത് ടൗണ്‍ ഹാള്‍ പരിസരത്തായിരുന്നു തള്ളിയിരുന്നത്. പരിസരവാസികളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ട് ടൗണ്‍ ഹാള്‍ പരിസരത്ത് മാലിന്യം തള്ളുന്നത് നിരോധിച്ചു. ടാണ്‍ ഹാള്‍ പരിസരത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ജൈവമാലിന്യ പ്ലാന്റും നിലച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it