wayanad local

കാഞ്ഞിരത്തിനാല്‍ ഭൂസമരംപ്രകോപനത്തിനില്ലെന്ന് പി സി തോമസ്‌

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബം വിലകൊടുത്തു വാങ്ങിയ ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നടപടികളുമായി മുന്നോട്ടില്ലെന്നു കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമ സഹമന്ത്രിയുമായ അഡ്വ. പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ പ്രമുഖ ഭരണകക്ഷിയുടെ ജനപ്രതിനിധി താനുമായി ചര്‍ച്ച നടത്തിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നായിരുന്നു മറുപടി. കാര്യങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിഷയം ഉടന്‍ പരിഹരിക്കപ്പെടുമെന്നു തനിക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്.
കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു വനംവകുപ്പ് പിടിച്ചെടുത്ത 12 ഏക്കര്‍ സ്ഥലം 1977ലെയും 2013ലെയും വിജ്ഞാപനത്തില്‍ പറയുന്ന ഭൂമിയുടെ ഭാഗമല്ലെന്നു വ്യക്തമാക്കിയും ഭൂമി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചത്.
കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിച്ചാണ് കത്തുകള്‍ അയച്ചത്. കോടതിയില്‍ കേസുള്ളതാണ് ഭൂമി വിട്ടുകൊടുക്കാന്‍ തടസ്സമെന്നു സര്‍ക്കാര്‍ നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കിയിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുക്കുന്നതിനു തടസ്സമാവരുതെന്നു കരുതിയാണ് സുപ്രിംകോടതിയുടെ അനുവാദത്തോടെ  പ്രത്യേകാനുമതി ഹരജി പിന്‍വലിച്ചത്. കത്തുകള്‍ നല്‍കി മൂന്നുമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും മറുപടി ലഭിച്ചിട്ടില്ല.
എങ്കിലും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്നു പി സി തോമസ് അവകാശപ്പെട്ടു. അതിനിടെ, പി സി തോമസ് മുഖ്യമന്ത്രിക്കു നല്‍കിയെന്നു പറയപ്പെടുന്ന കത്തിന്റെ മറ്റൊരു പകര്‍പ്പിലും മുഖ്യമന്ത്രിക്ക് നല്‍കിയതെന്നു പറഞ്ഞ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലും വെവ്വേറെ തിയ്യതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ കത്തില്‍ മാര്‍ച്ച് 23 ആണ് തിയ്യതി.
രണ്ടാമത്തെ കത്തില്‍ മാര്‍ച്ച് 15ഉം. മാത്രമല്ല, കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ലെറ്റര്‍പാഡിലാണ് രണ്ടാമത്തെ കത്ത്. ഇതുസംബന്ധിച്ച ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. താനറിയാതെയാണ് സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിച്ചതെന്നും പി സി തോമസ് വസ്തുതകള്‍ മനസ്സിലാക്കാതെയാണ് കേസുമായി മുന്നോട്ടുപോവുന്നതെന്നും കഴിഞ്ഞ ദിവസം കാഞ്ഞിരത്തിനാല്‍ ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചിരുന്നു.
ജെയിംസിന്റെ ആരോപണം പി സി തോമസ് നിഷേധിച്ചു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു നീതി ലഭിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ കാഞ്ഞിരത്തിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട 2009ല്‍ കോഴിക്കോട് വിജിലന്‍സ് എസ്പി ശ്രീശുകന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടില്‍ നടപടി ശുപാര്‍ശ ചെയ്ത വനം ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ അനുവാദമുണ്ടെങ്കില്‍ മാത്രമേ കേസുമായി മുന്നോട്ടുപോവുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it