wayanad local

കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂപ്രശ്‌നം; അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്നു സര്‍ക്കാര്‍

കല്‍പ്പറ്റ: സ്വന്തം ഭൂമിക്കുവേണ്ടി കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നു സര്‍ക്കാര്‍. ഒത്തുതീര്‍പ്പ് വ്യവസ്ഥകളൊന്നും ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ അടിയന്തര പരിഹാരത്തിന് അഭിഭാഷക കമ്മീഷനെ നിയോഗിക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഡ്വ. ജനറലിന് കത്തയച്ചു.
കഴിഞ്ഞ രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേരുകയും ഹൈക്കോടതിയില്‍ കേസ് നീണ്ടുപോവുന്നതിനാല്‍ ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ജോര്‍ജിന്റെ കുടുംബത്തിന് നീതി നടപ്പാക്കി നല്‍കുന്നതിനു പകരം ഭൂമിയും നഷ്ടപരിഹാരവും ഉള്‍പ്പെടെ നല്‍കാമെന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും കുടുംബത്തിന് ഇതു സ്വീകാര്യമല്ലെന്നു ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിലപാട് സ്വീകരിച്ചത്.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലും കുടുംബാംഗങ്ങളും സര്‍വകക്ഷി പ്രതിനിധികളും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ ഒന്നിച്ചാക്കി അതിവേഗം ഒത്തുതീര്‍പ്പാക്കുന്നതിന് അഭിപ്രായം ആരാഞ്ഞുകൊണ്ട് ഒരു മാസം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അഡ്വ. ജനറലിന് കത്തയച്ചിരുന്നെങ്കിലും അതിന് ഇതുവരെ സര്‍ക്കാരിലേക്ക് മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് അഡ്വ. ജനറലിന് കത്തയച്ചിട്ടുള്ളത്.
മാനന്തവാടി കാഞ്ഞിരങ്ങാട് വില്ലേജില്‍ റീസര്‍വേ 238ല്‍പ്പെട്ട 12 ഏക്കര്‍ ഭൂമി തിരിച്ചു ലഭിക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ നാലു പതിറ്റാണ്ടായി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബം നിയമപോരാട്ടം നടത്തുന്നത്. 1978ല്‍ വനഭൂമിയല്ലെന്നു ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവായിരുന്നു. ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ വനംവകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ പോവുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരം ട്രൈബ്യൂണല്‍ ഈ കേസ് വീണ്ടും പരിഗണിക്കുകയും 0.75 ഏക്കര്‍ ഭൂമിക്കു മാത്രം അവകാശം നല്‍കുകയും ചെയ്തു.
വീണ്ടും 1995ല്‍ ജോര്‍ജും കുടുംബവും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 77നു മുമ്പുള്ള കൈവശം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന് കോടതി നിര്‍ദേശിച്ചു. വിശദമായ അന്വേഷണത്തിനും പരിശോധനകള്‍ക്കും ശേഷം ഭൂമി ഇവര്‍ക്ക് പതിച്ചുനല്‍കാന്‍ 2007 ഏപ്രില്‍ 19ന് സര്‍ക്കാര്‍ ഉത്തരവായി. 2007 നവംബര്‍ 30ന് മന്ത്രിസഭാ തീരുമാനപ്രകാരം ഭൂമിക്ക് നികുതി സ്വീകരിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കി. 1967ല്‍ വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ അവകാശമുണ്ടെന്ന മാനുഷിക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
പിന്നീട് വീണ്ടും വനംവകുപ്പ് ജോര്‍ജിന്റെ കുടുംബത്തിന് എതിരാവുകയായിരുന്നു.
ഇതിനിടെ രംഗത്തുവന്ന വണ്‍ ലൈഫ് വണ്‍ എര്‍ത്ത് എന്ന സംഘടനയും ജോര്‍ജിനെതിരേ തിരിഞ്ഞു. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ തന്നെ സ്‌പോണ്‍സേഡ് സംഘടനയാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിയമപോരാട്ടത്തില്‍ ജോര്‍ജിന്റെ കുടുംബത്തിന് എതിരായതും ഈ സംഘടനയുടെ നിയമനടപടികളാണ്.
ഇപ്പോഴും സര്‍ക്കാര്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന് അനുകൂലമായി എന്തു തീരുമാനം എടുത്താലും ഇതുപോലുള്ള സംഘടനകളുടെ നിയമയുദ്ധം ജോര്‍ജിന്റെ കുടുംബത്തിന് എതിരാവുമെന്നു സര്‍ക്കാരും ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് കോടതിയില്‍ തന്നെ പ്രശ്‌നം തീരട്ടെയെന്ന നിലപാടില്‍ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
Next Story

RELATED STORIES

Share it