wayanad local

കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി: വിവരാവകാശ അപേക്ഷയില്‍ മറുപടിയില്ലെന്ന് റവന്യൂ വകുപ്പ്

കല്‍പ്പറ്റ: വനഭൂമിയാണെന്നു പറഞ്ഞ് വനംവകുപ്പ് പിടിച്ചെടുത്ത മാനന്തവാടി താലൂക്ക് കാഞ്ഞിരങ്ങാട് വില്ലേജിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി സംബന്ധിച്ച് വിവരാവകാശ നിയമം പ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പിന് മറുപടിയില്ല. ജോര്‍ജിന്റെ ഭൂമി യഥാര്‍ഥത്തില്‍ വനമാണോ അല്ലയോ എന്ന തര്‍ക്കത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിന്റെ ഭാഗമായി വനം-റവന്യൂ വകുപ്പുകള്‍ സംയുക്തമായി മുമ്പ് മൂന്നു തവണ പരിശോധന നടത്തിയിരുന്നു.
ഈ റിപോര്‍ട്ടുകളിലെ പരസ്പര വിരുദ്ധവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങളാണുള്ളത്. ഇതിന് വ്യക്തത തേടി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ ജയിംസ് ചോദിച്ച ചോദ്യങ്ങള്‍ക്കാണ് അത്തരം ചോദ്യങ്ങള്‍ക്ക് വിവരാവകാശ നിയമം പ്രകാരം മറുപടി നല്‍കാന്‍ കഴിയില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചത്. 2005ല്‍ വനം-റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് ആദ്യമായി സംയുക്ത പരിശോധന നടത്തി. തുടര്‍ന്ന് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ, സര്‍വെ നമ്പര്‍ 238/1ല്‍പെടുന്ന 12 ഏക്കര്‍ ഭൂമി വനംവകുപ്പിന്റെ 1-12-1982 ലെ വിജ്ഞാപനത്തില്‍പെട്ട നിക്ഷിപ്ത വനഭൂമി തന്നെയാണെന്നു സ്ഥിരീകരിച്ച് 18-6-2005ന് മാനന്തവാടി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. എന്നാല്‍ ഈ നിക്ഷിപ്ത വനഭൂമി വിജ്ഞാപനത്തിന്റെ പകര്‍പ്പ് വിവരാവകാശ നിയമം പ്രകാരം എടുത്ത് പരിശോധിച്ചപ്പോള്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമിയോ ബന്ധപ്പെട്ട സര്‍വേ നമ്പറോ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വ്യക്തമായത്. ഇതോടെ സ്‌കെച്ചോ പ്ലാനോ ഭൂമിയുടെ സര്‍വേ നമ്പറുകളോ മറ്റോ പരിശോധിക്കാതെ വനംവ-റവന്യൂ വകുപ്പുകള്‍ സംയുക്തമായി കെട്ടിച്ചമച്ചതാണ് സംയുക്ത പരിശോധനാ റിപോര്‍ട്ടെന്ന് പരാതിക്കാരനായ ജയിംസ് ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് സംയുക്ത പരിശോധനാ വേളയില്‍ മേല്‍പറഞ്ഞ നിക്ഷിപ്ത വനഭൂമി വിജ്ഞാപനമോ, അതില്‍ പറയുന്ന സര്‍വെ നമ്പറുകളുടെ സ്‌കെച്ചുകളോ റവന്യൂ വകുപ്പ് പരിശോധിച്ചിരുന്നുവോ?, പരിശോധിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ ഭൂമിയുടെ സര്‍വേ നമ്പര്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന വസ്തുത റിപോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതെന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങളാണ് ജയിംസ് ഉന്നയിച്ചത്. ഇത്തരം ചോദ്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കലക്ടറേറ്റില്‍ നിന്നു രേഖാമൂലം ലഭിച്ച മറുപടി.
2005ലെ സംയുക്ത പതിശോധനാ റിപോര്‍ട്ടില്‍ കാഞ്ഞിരത്തിനാല്‍ ഭൂമി 1982ലെ വനഭൂമി വിജ്ഞാപനത്തില്‍പെട്ടതാണെന്ന് പറയുമ്പോള്‍ 2007ലെ റിപ്പോര്‍ട്ടില്‍ ഇത് 1977ലെ വിജഞാപനത്തില്‍പെട്ടതാണെന്നാണ് പറയുന്നത്. 2015ലെ മൂന്നാമത്തെ വിജ്ഞാപനത്തില്‍ ഇത് 2013ലെ വിജ്ഞാപനത്തില്‍ പെട്ടതാണെന്നും അധികൃതര്‍ പറയുന്നു. ഈ പൊരുത്തക്കേടുകള്‍ക്ക് വ്യക്തത നല്‍കണമെന്ന ആവശ്യവും വിവരാവകാശ ഓഫിസര്‍ നിരസിച്ചു. ഏറ്റവും ഒടുവില്‍ വന്ന 2015ലെ സംയുക്ത പരിശോധനാ റിപോര്‍ട്ടില്‍ ഈ ഭൂമിയുടെ പടിഞ്ഞാറേ അതിര് പുഴയാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രസ്തുത റിപോര്‍ട്ടിന് ആധാരമായ വനംവകുപ്പിന്റെ 21-10-2013ലെ വിജ്ഞാപനത്തില്‍ ഒരു അതിരില്‍ പോലും പുഴയുള്ളതായി കാണിച്ചിട്ടില്ല.
ഇപ്രകാരം വിജ്ഞാപനത്തിലും സംയുക്ത പരിശോധനാ റിപോര്‍ട്ടിലും വ്യത്യസ്ഥമായിട്ടാണ് കാണുന്നതെന്ന വസ്തുത മുഖ്യമന്ത്രിക്ക് നല്‍കിയ റിപോര്‍ട്ടില്‍ കലക്ടര്‍ സൂചിപ്പിച്ചിട്ടില്ലെന്നും ജയിംസ് ചൂണ്ടിക്കാട്ടി. സര്‍വെ നമ്പറും അതിരുകളും ഉള്‍പ്പെടെ ഭൂമി സംബന്ധിച്ച അടിസ്ഥാനപരവും ആധികാരികവുമായ വിവരങ്ങള്‍ തയാറാക്കിയശേഷമേ വനഭൂമിയായി വിജ്ഞാപനം ചെയ്യാന്‍ പാടുള്ളു. അതിന്റെ രേഖകള്‍ ബന്ധപ്പെട്ട ഓഫിസുകളില്‍ ഉണ്ടാവുകയും വേണം. എന്നാല്‍ ജയിംസ് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വനംവകുപ്പില്‍ ലഭ്യമല്ലെന്നുവരെ വനംവകുപ്പ് മറുപടി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it