kasaragod local

കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്ക് യാഥാര്‍ഥ്യമാവുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിലെ നിര്‍ദ്ദിഷ്ട വ്യവസായ പാര്‍ക്കിന്റെ ഭൂമി കൈമാറ്റം നടത്തുന്നതിന് അവശ്യമായ വകുപ്പ് നടപടികള്‍ പൂര്‍ത്തിയാവുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ വ്യവസായ മന്ത്രി എ സി മൊയതീന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, സെക്രട്ടറി സഞജയ്കൗര്‍, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, അസി. റവന്യൂ കമ്മീഷണര്‍ സബിന്‍ സമിത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തീരുമാനം.
ആരംഭിക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ പങ്കാളികളാവാന്‍ വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഭൂമി കൈമാറുന്നതോടുകൂടി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് നടത്തി പദ്ധതിയുടെ പൂര്‍ണരൂപം ആവിഷ്‌ക്കരിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
ജില്ലയിലെ വ്യവസായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനും വ്യവസായ സംരംഭകരെ ആകര്‍ഷിക്കുന്നതിനുമാണ് കാഞ്ഞങ്ങാട് മേഖലയില്‍ വ്യവസായ പാര്‍ക്ക് ഒരുങ്ങുന്നത്. ഇതിനായി റവന്യുവ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വ്യവസായ വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എ കൂടിയായ റവന്യു വകുപ്പ് മന്ത്രിയും 2017 മെയ് 17നും 2018 മാര്‍ച്ച് 19നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നു.
കാഞ്ഞങ്ങാട് മേഖലയിലെ അമ്പലത്തറ, പുതുക്കൈ, കാഞ്ഞങ്ങാട് വില്ലേജുകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 343 ഏക്കറോളം ഭൂമി സര്‍വെ നടത്തി. ഇതില്‍നിന്നും നഗരത്തോടടുത്ത് കിടക്കുന്നതും ഗതാഗതം, കുടിവെള്ളം, വൈദ്യുതി എന്നീ സൗകര്യമുള്ളതുമായ മടിക്കൈ, പുത്തുക്കൈ വില്ലേജുകളില്‍പെട്ട 100 ഏക്കറിലധികം സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ബാബു പറഞ്ഞു. നിലവില്‍ ഗുരുവനത്ത്  കേന്ദ്രീയ വിദ്യാലവും മോട്ടോര്‍ വാഹന വകുപ്പിനും സ്ഥലം റവന്യൂ വകുപ്പ് ഭൂമി അനുവദിച്ചിട്ടുണ്ട്. ഇതിന് അടുത്തായുള്ള ഭൂമി തന്നെ വ്യവസായ വകുപ്പിന് കൈമാറാനാണ് ധാരണ.
വ്യവസായ സംരംഭം തുടങ്ങാന്‍ ഭൂമി ഇല്ലാത്തതിനാല്‍ കാഞ്ഞങ്ങാട് മേഖലയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിനും മറ്റും പ്രയാസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഏതാനും മാസങ്ങളായി വ്യവസായ പാര്‍ക്കിന് വേണ്ടി ശ്രമം നടത്തി വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഇത് അനുവദിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യവസായ പാര്‍ക്ക് നാടിന് സമര്‍പ്പിക്കാനാണ് ശ്രമം നടത്തി വരുന്നത്.
കാസര്‍കോട് വ്യവസായ വകുപ്പിന്റെ കീഴിലും സീതാംഗോളിയില്‍ കിന്‍ഫ്രയുടെ കീഴിലും നിലവില്‍ വ്യവസായ പാര്‍ക്കുണ്ട്. കാഞ്ഞങ്ങാട് മേഖലയില്‍ കൂടി വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതോടെ നൂറ് കണക്കിന് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുവാനും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുവാനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഒരു പരിധി വരെ സാധിക്കും.
Next Story

RELATED STORIES

Share it