kasaragod local

കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ് നഗര സൗന്ദര്യവല്‍ക്കരണത്തിന് മൂന്നു കോടി

കാഞ്ഞങ്ങാട്: നഗരസഭ ബജറ്റ് വൈസ് ചെയര്‍പേഴ്‌സന്‍ എല്‍ സുലൈഖ അവതരിപ്പിച്ചു.60.60 കോടി രൂപ വരവും 59.14 കോടി രൂപ ചെലവും കണക്കാക്കുന്ന ബജറ്റില്‍ 7.9 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്നു.
കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുകള്‍, വലിപ്പം സ്ഥലം, എന്നിവ പരിഗണിച്ച് നികുതി നിര്‍ണ്ണയ സഌബുകള്‍ ഉണ്ടാക്കും. നികുതി കുടിശിക വരുത്തിയാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടെലിഫോണ്‍, വൈദ്യുതി കണക്ഷനുകള്‍ വിഛേദിക്കാന്‍ നടപടി സ്വീകരിക്കും. വിനോദ നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ സിനിമാശാലകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കും. തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരില്‍ നിന്ന് തൊഴില്‍ നികുതി കൃത്യമായി ഈടാക്കാന്‍ സംവിധാനമുണ്ടാക്കും.അലാമിപ്പള്ളി ബസ് സ്റ്റാന്റിന്റെ മൂന്നാംഘട്ട നിര്‍മാണത്തിന് ആറ് കോടി രൂപയും ബസ് സ്റ്റാന്റ് വൈദ്യുതീകരണം മലിനജല നിര്‍മാര്‍ജ്ജനം എന്നിവക്ക് 20 ലക്ഷവും നഗര സൗന്ദര്യവല്‍ക്കരണത്തിന് മൂന്ന് കോടിയും നഗരത്തിലെ പ്രധാന ജങ്ഷനുകളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കാന്‍ 30 ലക്ഷം, ആര്‍ട്ട് ഗാലറി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആധുനിക ലൈബ്രറിയും ആര്‍ട്ട് ഗാലറിയും സ്ഥാപിക്കാന്‍ 30 ലക്ഷം, ഹൊസ്ദുര്‍ഗില്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മാണത്തിന് 25 ലക്ഷം, കോട്ടച്ചേരി ബസ് സ്റ്റാന്റ് കോംപ്ലക്‌സ് നവീകരണത്തിന് 11 ലക്ഷം, സമഗ്ര അഴുക്കുചാല്‍ പദ്ധതിക്ക് സര്‍വ്വെ നടത്തി പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കാന്‍ 20 ലക്ഷം, മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്നതിന് 10 ലക്ഷം, മല്‍സ്യമാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ 20 ലക്ഷം, അലാമിപ്പള്ളിയില്‍ പ്രഭാകരന്‍ കമ്മീഷന്‍ ഗ്രാന്റിന്റെ സഹായത്തോടെ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ 15 ലക്ഷം, ഹൊസ്ദുര്‍ഗ് കോട്ടക്കുള്ളില്‍ പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ പാര്‍ക്ക് നിര്‍മാണത്തിന് 20 ലക്ഷം, സംസ്ഥാന പാതക്ക് കുറുകെ മൂന്നിടത്ത് നടപ്പാലം നിര്‍മിക്കാന്‍ 15 ലക്ഷം, ഐങ്ങോത്ത് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കാന്‍ 10 ലക്ഷം, സയന്‍സ് പാര്‍ക്ക് നവീകരണത്തിന് 10 ലക്ഷം, അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധനാ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് അഞ്ച് ലക്ഷം, തെരുവ് കച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ അഞ്ച് ലക്ഷം, നഗരത്തില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ അഞ്ച് ലക്ഷം, മാന്തോപ്പ് മൈതാന സംരക്ഷണം ഓപണ്‍ എയര്‍ തിയറ്റര്‍ നിര്‍മ്മാണം എന്നിവക്ക് ഒരുലക്ഷം, അരയിപ്പുഴയില്‍ നീന്തല്‍ പരിശീലന കേന്ദ്രം ആരംഭിക്കാന്‍ രണ്ട് ലക്ഷം, എന്നിങ്ങനെയാണ് വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തിയത്. ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it