ernakulam local

കാക്ഷായി കാവാട്ടുമുക്ക് റോഡ് തകര്‍ന്നു

മൂവാറ്റുപുഴ: പിഡബ്ല്യൂഡിയുടെ കീഴിലുള്ള കാക്ഷായി കാവാട്ടുമുക്ക് റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. തകര്‍ന്ന് തരിപ്പണമായ റോഡിലേക്ക് തിരിഞ്ഞ് നോക്കാത്ത അധികൃതരുടെ നടപടിക്കെതിരേ ജനരോക്ഷം രൂക്ഷമാവുന്നു. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പൂര്‍ണമായി തകര്‍ന്ന റോഡിന്റെ കുഴിയടക്കാനായി പതിനേഴ് ലക്ഷം രൂപ പിഡബ്ല്യൂഡിയില്‍ നിന്ന് അനുവദിച്ചെങ്കിലും കുഴിയടക്കല്‍ ജോലി പോലും ചെയ്യാന്‍ അധികൃതര്‍ തയ്യാറാല്ല.
പത്ത് വര്‍ഷം മുമ്പ് അറ്റകുറ്റപണി ചെയ്ത റോഡ് പൂര്‍ണമായി തകര്‍ന്നിട്ട് ഏഴു വര്‍ഷം പിന്നിടുന്നു. ഇതിനു ശേഷം അധികാരത്തിലിരുന്നവരാരും റോഡിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. നാല് കിലോമീറ്റര്‍ ദൂരം വരുന്ന പായിപ്ര പഞ്ചായത്തിലെ നാല് വാര്‍ഡുകളിലൂടെ പോവുന്ന ഏറ്റവും തിരക്കേറിയ പിഡബ്ലിയൂ റോഡിലെ കലുങ്കുകളെല്ലാം പൂര്‍ണമായി തകര്‍ന്നു.  കലുങ്കുകളും റോഡും തകര്‍ന്നതോടെ ഇതുവഴിയുള്ള കാല്‍നടയാത്രയും വാഹന യാത്രയും നാട്ടുകാര്‍ക്ക് തീരാദുരിതമായി.
കറുകടം വീട്ടൂര്‍ റോഡിനേയും നെല്ലിക്കുഴി പേഴയ്ക്കാപ്പിള്ളി റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കക്ഷായി കാവാട്ടുമുക്ക് റോഡ്. നൂറുകണക്കിന് വീടുകളുള്ള കക്ഷായി, കിഴക്കേക്കര, പേഴയ്ക്കാപ്പിളളി ഹരിജന്‍ കോളനി, തട്ടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള ഏക റോഡാണിത്. കൂടാതെ ഇലാഹിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഉള്‍പ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളും
പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന പൈനാപ്പിള്‍ വ്യാപാര കേന്ദ്രവും ഈ റോഡിന്റെ ഓരത്താണ്. ചെറുതും വലുതമായ ആരാധനാലയങ്ങളിലേക്കും ഈ റോഡിലൂടെ സഞ്ചരിച്ച് വേണം പോവാന്‍. കോതമംഗലം, മൂവാറ്റുപുഴ, മളവൂര്‍, പേഴയ്ക്കാപ്പിള്ളി എംസി റോഡ് എന്നിവിടങ്ങളിലേക്കും നാട്ടുകാര്‍  പോകുന്നത് ഈ റോഡ് മാര്‍ഗമാണ്.
തകര്‍ന്ന റോഡിലെ കുണ്ടിലും കുഴിയിലും ചാടി കോളജ് വാഹനമുള്‍പ്പടെയുള്ള നൂറുകണക്കിന് വാഹനങ്ങള്‍ പോവുന്ന റോഡില്‍ ദിവസവും അപകടങ്ങള്‍ ഉണ്ടാവുന്നതായി പൊതു പ്രവര്‍ത്തകനായ പി എ കബീര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്‍ അപകടത്തിന് സാധ്യയുള്ളതായി പ്രവാസിയായ കെ കെ ജബ്ബാറും സിറാജ് മറ്റത്തിലും ചൂണ്ടിക്കാട്ടി. നെല്ലിക്കുഴി പായിപ്ര മേതല റോഡില്‍ ഗതാഗത തടസ്സം നേരിടുമ്പോള്‍ ബസുള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിട്ട റോഡായിരുന്നെങ്കിലും ഇപ്പോള്‍ വാഹനം ഓടിക്കാന്‍ ആരും തയ്യാറല്ല.
Next Story

RELATED STORIES

Share it