kozhikode local

കാക്കുനി സംഘര്‍ഷം; 500 പേര്‍ക്കെതിരേ കേസ്‌

കുറ്റിയാടി: വേളം പഞ്ചായത്തിലെ കാക്കുനിയില്‍ സിപിഎം ലീഗ് സംഘര്‍ഷത്തോട് ബന്ധപ്പെട്ട് 500റോളം പേര്‍ക്കെതിരെ കുറ്റിയാടി പോലിസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രിയിലാണു സംഘര്‍ഷം നടന്നത്. സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകരായ കൊയിലോത്തറേമ്മല്‍ അഷറഫ്, മുഹമ്മദ്, വാടിക്കുമീത്തല്‍ ഷെരീഫ്, ആയഞ്ചേരി വഹാബ്, കാക്കുനി ചെത്തില്‍ ഉനൈസ്, എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വലിയതയ്യുള്ളതില്‍ പൂളോര്‍കണ്ടി അലീമയെ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിപി എം പ്രവര്‍ത്തകരായ കാക്കുനി പൂഞ്ചാലയില്‍ സുരേഷിനെ കോഴിക്കോട് മെഡി. കോളജിലും പൂഞ്ചോലയില്‍ അനൂപ്, തില്ലങ്കേരി ലിബിന്‍, തെക്കിനക്കണ്ടി ലിപിന്‍, ഞെള്ളേരീമ്മല്‍ പ്രജീഷ്, കരിമ്പാലക്കണ്ടി പ്രസൂന്‍, ചെമ്മരത്തൂര്‍ പുത്തന്‍പുരയില്‍ ദിനേശന്‍, ശശി, ശുഭ, ഗോഗുല്‍ എന്നിവരെ വടകര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറുങ്ങോട്ട് കുഞ്ഞമ്മത്, വലിയതയ്യുള്ളതില്‍ അന്ത്രു, തയ്യുള്ളതില്‍ കുഞ്ഞബ്ദുല്ല, പുല്ലാട്ട്താഴെ സി എം മൊയ്തീന്‍, ചീനന്റവിട സജീവന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ജനല്‍ചില്ലുകളും വാതിലുകളും കല്ലേറില്‍ തകര്‍ന്നു. കുഞ്ഞമ്മതിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ ബൈക്കും ആക്രമികള്‍ തകര്‍ത്തു. പടിഞ്ഞാറെക്കണ്ടി മൊയ്തു, സൈദ് അബ്ദുല്‍ റഹ്മാന്‍, തട്ടാന്റെവീട്ടില്‍ കണ്ണന്‍ എന്നിവരുടെ കടകള്‍ക്കുനേരെയും ആക്രമണമുണ്ടായി. കഴിഞ്ഞദിവസം രാത്രി പത്തോടെയാണു ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കാക്കുനി ചാലിപ്പാറയില്‍ സി പി എം യോഗം നടക്കുന്നതിനിടെ ചിലര്‍ കൊടിമരം നശിപ്പിക്കാന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനു കാരണമെന്ന് സിപി എം പറയുന്നു. എന്നാല്‍ ലീഗ് സംഘടിപ്പിച്ച ഡെലിഗേറ്റ് മീറ്റിന്റെ ബോര്‍ഡ് ചിലര്‍ നശിപ്പിച്ച സംഭവം ചോദ്യം ചെയ്തതാണു സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ലീഗും പറയുന്നു. തര്‍ക്കം നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചെങ്കിലും വിവാഹവീട്ടില്‍ നിന്ന് മടങ്ങിപോവുന്നവര്‍ക്ക് മര്‍ദനമേറ്റതാണു സംഘര്‍ഷം വ്യാപിക്കാന്‍ ഇടയാക്കിയതെന്നും പറയപ്പെടുന്നു. സംഭവസ്ഥലത്ത് പോലിസ് കാവല്‍ ഏര്‍പ്പെടുത്തി. പാറക്കല്‍ അബ്ദുല്ല എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചു. ഇന്ന് പൂളക്കൂല്‍ കമ്യൂണിറ്റിഹാളില്‍ സര്‍വകക്ഷിയോഗം നടക്കും.
Next Story

RELATED STORIES

Share it