കാംബ്രിജ് അനലിറ്റിക്ക ഇടപെട്ടത് 100ഓളം തിരഞ്ഞെടുപ്പുകളില്‍

എം ടി പി  റഫീക്ക്
കോഴിക്കോട്: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ലോകവ്യാപകമായി തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും ഫലം അട്ടിമറിക്കുകയും ചെയ്യുന്നതിന്റെ വിവരങ്ങള്‍ പുറത്ത്. ആഗോളതലത്തില്‍ വേരുകളുള്ള കാംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നടത്തിയ ഇടപെടലുകളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നൂറോളം തിരഞ്ഞെടുപ്പുകളിലാണ് കമ്പനി ഇതിനകം ഇടപെട്ടത്.
കമ്പനി സിഇഒ തന്നെ ഇക്കാര്യം സമ്മതിക്കുന്ന വീഡിയോ ചാനല്‍-4 അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന ആപ്പ് ഉപയോഗിച്ച് അഞ്ചു കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളാണ് കാംബ്രിജ് അനലിറ്റിക്ക ശേഖരിച്ച് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമായി ഉപയോഗിച്ചതെന്ന് ഒളികാമറാ ഓപറേഷനില്‍ വെളിപ്പെട്ടു. കമ്പനി സിഇഒ അലക്‌സാണ്ടര്‍ നിക്‌സാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ കമ്പനി ഇടപെട്ടതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കമ്പനി നിക്‌സിനെ പുറത്താക്കിയിരിക്കുകയാണ്.
കാംബ്രിജ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസറായ ഡോ. അലക്‌സാണ്ടര്‍ കോഗനാണ് ഈ ആപ്പ് വികസിപ്പിച്ചത്. 'നിങ്ങളുടെ ഡിജിറ്റല്‍ വ്യക്തിത്വം ഏതു തരത്തിലാണെന്ന് കണ്ടുപിടിക്കാം' എന്ന പേരിലാണ് ആപ്പ് ഉപയോക്താക്കളിലെത്തിയത്. 2,47,000 പേര്‍ ആപ്പ് ഉപയോഗിച്ചു. അക്കാലത്ത് ആപ്പ് ഉപയോഗിക്കുന്നതിനു മുമ്പ് നല്‍കുന്ന സമ്മതപത്ര പ്രകാരം ഉപയോക്താവിന്റെ വിവരം മാ ത്രമല്ല അവരുടെ എല്ലാ സുഹൃത്തുക്കളുടെയും വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും. അങ്ങനെ 2,47,000 ഉപയോക്താക്കളില്‍ നിന്ന് അഞ്ചു കോടി ആളുകളുടെ വിവരം സംഘടിപ്പിക്കുകയായിരുന്നു.
കാംബ്രിജ് അനലിറ്റിക്ക ഈ അഞ്ചു കോടി ആളുകളിലെ അമേരിക്കക്കാരെയെല്ലാം വിശകലനം ചെയ്ത് അവരുടെ സ്വഭാവരീതികള്‍ മനസ്സിലാക്കി. ഇങ്ങനെ ആളുകളെ വിശകലനം ചെയ്തു കിട്ടിയ വിവരം അനുസരിച്ച് സ്ഥാനാര്‍ഥിയായ ട്രംപിന് അനുകൂലമായ വാര്‍ത്തകളും പ്രചാരണങ്ങളും അവരുടെ ടൈംലൈനില്‍ എത്തിച്ചു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഈ തന്ത്രം വലിയ പങ്കു വഹിച്ചെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബ്രിട്ടനില്‍ നടന്ന ബ്രെക്‌സിറ്റ് ജനഹിത പരിശോധനയിലും കാംബ്രിജ് സമാനമായ ഇടപെടല്‍ നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അഞ്ച് ഉപഭൂഖണ്ഡങ്ങളിലായി നൂറോളം തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ കമ്പനി സഹായിച്ചതായി അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. തിരഞ്ഞെടുപ്പുകളില്‍ എതിര്‍ സ്ഥാനാര്‍ഥികളെ ഇകഴ്ത്തുന്നതിനു കൈക്കൂലിയും പെണ്‍കെണിയും ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി സിഇഒ ഒളികാമറ ഓപറേഷനില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നരേന്ദ്ര മോദി തൊട്ട് കെനിയയിലെ കെന്യാത്തോ ഉള്‍പ്പെടെയുള്ളവരെ തിരഞ്ഞെടുപ്പില്‍ കാംബ്രിജ് സഹായിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയും ബ്രിട്ടനും ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ശേഖരിച്ച വിവരങ്ങള്‍ താന്‍ കാംബ്രിജ് അനലിറ്റിക്കയ്ക്ക് കൈമാറിയിരുന്നതായി ആപ്പ് വികസിപ്പിച്ച ഡോ. അലക്‌സാണ്ടര്‍ കോഗന്‍ സ്ഥിരീകരിച്ചു. എന്നാല്‍, അവര്‍ നിയമവിധേയമായ ആവശ്യങ്ങള്‍ക്കാണ് അത് ഉപയോഗിക്കുകയെന്ന് തനിക്ക് ഉറപ്പു നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ കാംബ്രിജും ഫേസ്ബുക്കും തന്നെ ബലിയാടാക്കുകയാണെന്നും കോഗന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it