thrissur local

കാംപസ് രാഷ്ട്രീയം പിന്‍വാതിലിലൂടെ തിരിച്ചു കൊണ്ടുവരുന്നെന്ന്‌ : സര്‍ക്കാര്‍ നയത്തിനെതിരേ കത്തോലിക്കാസഭാ മുഖപത്രം



തൃശൂര്‍: കാംപസ് രാഷ്ട്രീയം പിന്‍വാതിലിലൂടെ തിരിച്ചുകൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമായെന്നും അതിനെതിരേ പ്രതിഷേധിക്കണമെന്നും തൃശൂര്‍ അതിരൂപതാ പ്രസിദ്ധീകരണമായ കാത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടാണെന്നും കത്തോലിക്കാ സഭയുടെ മുഖപത്രം ജൂണ്‍ലക്കത്തില്‍ ആരോപിക്കുന്നു. ഏതാനും മാസം മുമ്പ് ചില സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലുണ്ടായ സംഭവങ്ങളുടെ മറവിലാണ് വിദ്യാര്‍ഥി രാഷ്ട്രീയം തിരിച്ചുകൊണ്ടുവരാന്‍ നീക്കം നടത്തുന്നതെന്നു മുഖലേഖനത്തില്‍ പറയുന്നു. കാംപസ് രാഷ്ട്രീയം നിരോധിച്ച 2004ലെ ഹൈക്കോടതി വിധി കാറ്റില്‍ പറത്തിയാണ് രാഷ്ട്രീയക്കാരുടെ ഈ നീക്കമെന്നു പത്രം കുറ്റപ്പെടുത്തുന്നു. ഇതിനു വിദ്യാഭ്യാസമന്ത്രിയടക്കമുള്ളവരുടെ പിന്തുണയുണ്ടെന്നു സൂചനയുണ്ടത്രേ. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചതിലൂടെ കാംപസുകളില്‍ വര്‍ഗീയ ശക്തികള്‍ പ്രബലപ്പെടുന്നുവെന്നാണ് ഇതിനുള്ള തൊടുന്യായം. ഇതോടെ ഇനിയുള്ള നാളുകളില്‍ സംസ്ഥാനത്തെ കലാലയങ്ങളില്‍ മുഴുവന്‍ കലാപക്കൊടി ഉയരുമെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നുവെന്നാണ് പത്രത്തിന്റെ വിലയിരുത്തല്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിനുവേണ്ടി വാദിക്കുന്നവര്‍ പ്രതിപക്ഷത്തുമുണ്ട്. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് ഇതിനു മുന്നില്‍. വിദ്യാര്‍ഥികള്‍ രാഷ്ട്രീയചേരി തിരിഞ്ഞ് പടവെട്ടി മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അടിക്കടി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആയിരക്കണക്കിനു വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി രാഷ്ട്രീയനേതൃത്വങ്ങള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിനുവേണ്ടി അണിനിരക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ അവരില്‍ അസഹിഷ്ണുതയും അക്രമവാസനയും വളര്‍ന്നുവരുമ്പോള്‍ കണ്ടില്ലെന്നും നടിക്കുന്നു. കുറ്റകൃത്യത്തില്‍ തങ്ങളുടെ കുട്ടികള്‍ പിടിക്കപ്പെട്ടാല്‍ അവര്‍ തങ്ങളുടെ പാര്‍ട്ടിക്കാരല്ലെന്നു പറഞ്ഞ് തടിയൂരുകയാണ് ഇത്തരക്കാരുടെ രീതിയെന്നു മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നുവെന്നും ആരോപിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) ജി കോളജ് മാനേജുമെ ന്റിനു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ് കാംപസ് രാഷ്ട്രീയമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സോജന്‍ ഫ്രാന്‍സിസ് കേസില്‍ പറഞ്ഞിട്ടുള്ളത്. ഇതിനെതിരേ വിദ്യാര്‍ഥികള്‍ നല്‍കിയ റിവ്യൂ ഹര്‍ജി 2004 ഫെബ്രുവരി 20ന് കോടതി തള്ളുകയും കാംപസ് രാഷ്ട്രീയം നിരോധിക്കുകയും ചെയ്തതാണ്. എന്നാല്‍ ഈ വിധി മറന്നാണ് ഇപ്പോള്‍ കാംപസ് രാഷ്ട്രീയം തിരിച്ചുകൊണ്ടുവരാന്‍ നീക്കം നടക്കുന്നതെന്നും കാത്തോലിക്കാസഭയുടെ പ്രസിദ്ധീകരണത്തില്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it