Editorial

കാംപസുകള്‍ സംഘര്‍ഷമുക്തമാവാന്‍

എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥി മരിക്കാനിടയായത് അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണ്. എസ്എഫ്‌ഐയുടെയും കാംപസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു പിന്നീട് മരണപ്പെടുകയാണുണ്ടായത്.
ഈ ദുഃഖകരമായ സംഭവം കേരളത്തിലെ കാംപസ് അകങ്ങളെക്കുറിച്ച തുറന്ന ചര്‍ച്ചകള്‍ക്കു നിമിത്തമാവേണ്ടതാണ്. ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വിദ്യാര്‍ഥിസമൂഹത്തെ കൂടുതല്‍ സക്രിയവും ജനാധിപത്യപരവും സര്‍ഗാത്മകവുമായ സംഘാടനത്തിലേക്കും ഇടപെടലുകളിലേക്കും നയിക്കാനും അത്തരം ചര്‍ച്ചകള്‍ ഉപകരിക്കേണ്ടതുണ്ട്. അതിനു പകരം അധികാരബലത്തില്‍ എതിര്‍ശബ്ദങ്ങള്‍ക്കു മേല്‍ പാഞ്ഞുകയറാനുള്ള അവസരമായി ഈ സംഭവത്തെ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷങ്ങള്‍ക്കു കളമൊരുക്കുകയാവും ചെയ്യുന്നത്.
പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള സംഘടനകളെ പിശാചുവല്‍ക്കരിക്കാനും പ്രവര്‍ത്തകരെ വേട്ടയാടാനുമുള്ള ഉല്‍സാഹം തീര്‍ത്തും ദുരുദ്ദേശ്യപരവും ജനാധിപത്യവിരുദ്ധവുമാണെന്ന് പറയാതെ വയ്യ. ഹാദിയ വിഷയത്തില്‍ ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ എറണാകുളത്ത് ഇപ്പോള്‍ ചില എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും പ്രതികളെ തരൂ എന്ന് ചില പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് വിളി വരുന്നതും ഏതായാലും മറ്റു ചില താല്‍പര്യങ്ങളുടെ ഭാഗമാണ്.
കേരളത്തിന്റെ അധികാര രാഷ്ട്രീയത്തിലെ പിന്നണിസംഘങ്ങളായാണ് ഒട്ടുമിക്ക വിദ്യാര്‍ഥി സംഘടനകളും കാംപസുകളില്‍ പ്രവര്‍ത്തിക്കുന്നത്. പൊതുവെ അവിശുദ്ധമായി മാറിക്കഴിഞ്ഞ മാതൃരാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് പുതുതലമുറയുടെ കൈയടി വാങ്ങിക്കൊടുക്കുന്നതില്‍ ഒതുങ്ങും അവരുടെ രാഷ്ട്രീയം. മാതൃരാഷ്ട്രീയത്തിന്റെ എല്ലാ അന്തസ്സാരശൂന്യതകളുടെയും ഇളംപതിപ്പുകളായി കാംപസുകള്‍ രൂപംമാറിയതിന്റെ കെടുതികളാണ് വിദ്യാര്‍ഥിയുടെ മരണത്തിനു കാരണമായ സംഭവത്തിലടക്കം തെളിയുന്നത്.
കാംപസുകളെ ഈവിധം ശിഥിലീകരിക്കുന്നതില്‍ കേരളത്തിലെ പ്രബല രാഷ്ട്രീയകക്ഷിയായ സിപിഎമ്മിന്റെ വിദ്യാര്‍ഥി വിഭാഗമായ എസ്എഫ്‌ഐക്ക് മുഖ്യമായ പങ്കുണ്ട്. സിപിഎം രാഷ്ട്രീയത്തിന്റെ മുഴുവന്‍ ദുരന്തപരിണാമങ്ങളെയും അതിന്റെ വൈരൂപ്യങ്ങള്‍ ഒട്ടും ചോരാതെ കാംപസുകളിലേക്ക് ആവാഹിക്കുന്ന ജോലിയാണ് എസ്എഫ്‌ഐ ഇന്ന് നിര്‍വഹിച്ചുവരുന്നത്. കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മിക്ക കലാലയങ്ങളിലും എസ്എഫ്‌ഐ കൈയൂക്കുകൊണ്ടാണ് യൂനിയന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത്. അതിലൂടെ അധികാരത്തിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും വന്യമായ ഹിംസാത്മകതയുടെ രംഗവേദിയാവുകയാണ് കാംപസുകള്‍. സംഘടനാ ധാര്‍ഷ്ട്യം കൊണ്ടു കീഴടക്കാന്‍ ഒരുമ്പെടുന്നവരുടെ ആക്രോശങ്ങളാലും അതിനു മുമ്പില്‍ കീഴൊതുങ്ങാന്‍ വിധിക്കപ്പെട്ടവരുടെ ആത്മനിന്ദയാലും കലാലയ പരിസരങ്ങള്‍ മലിനമായിരിക്കുന്നു.
Next Story

RELATED STORIES

Share it