കാംപസുകളില്‍ വിദ്യാര്‍ഥി വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി


സ്വന്തം പ്രതിനിധി

കൊച്ചി: കാംപസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് അഭിനന്ദനാര്‍ഹമെന്ന് ഹൈക്കോടതി. രാത്രി 9നു ശേഷം കലാപരിപാടികളടക്കം കാംപസുകളില്‍ നടത്തരുത്.
കോളജുകളിലെ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാര്‍ക്കിങ് കേന്ദ്രം കലാലയ കവാടത്തോട് ചേര്‍ന്ന് ഒരുക്കണമെന്നും ജസ്റ്റിസ് വി ചിദംബരേഷ് ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് ഷോ കാണിക്കാനുള്ള സ്ഥലമല്ല കാംപസുകള്‍. അനാവശ്യ ബഹളമുണ്ടാക്കി കായികാഭ്യാസങ്ങള്‍ നടത്താനുള്ള വേദിയല്ല കോളജുകളെന്നും കോടതി വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ കാംപസിനകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ പോള്‍ ബാരിയര്‍ സ്ഥാപിക്കണം. തടസ്സം മറികടന്ന് കാംപസിലേക്ക് വാഹനം പ്രവേശിപ്പിക്കുന്നവരില്‍ നിന്നു പിഴ ഈടാക്കണം. ശാരീരിക വൈകല്യം നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ വാഹനം കാംപസിനകത്തേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കാം. എന്നാല്‍, ഇതിനു രേഖാമൂലമുള്ള അനുമതി കോളജ് അധികൃതര്‍ നല്‍കിയിരിക്കണം.
ഡിജെ, സംഗീതപരിപാടികള്‍ തുടങ്ങി പുറത്തുള്ള ഏജന്‍സികളുടെ പരിപാടികളൊന്നും കോളജുകളില്‍ അനുവദിക്കരുത്. വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടികളാണ് നടക്കുന്നതെങ്കില്‍ അധ്യാപകരുടെ സാന്നിധ്യം ഉണ്ടാകണം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഒക്‌ടോബര്‍ 12നു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കപ്പെടേണ്ടതാണെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം സിഇടി കോളജ് കാംപസില്‍ ഓണാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ 79 വിദ്യാര്‍ഥികളെ പുറത്താക്കിയിരുന്നു.
വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് കോളജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത 26 വിദ്യാര്‍ഥികളാണ് തങ്ങള്‍ക്കെതിരായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഹരജിക്കാരുടെ പരാതി അന്വേഷണ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കണമെന്നും കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it