കാംപസുകളില്‍ പുലരേണ്ടത് ജനാധിപത്യം

അവകാശങ്ങള്‍ നിഷേധങ്ങള്‍ - അംബിക

മാനവികതയുടെ സുഗന്ധമൂറുന്ന നൂറായിരം ആശയങ്ങളുടെ നവവസന്തം വിരിയേണ്ടുന്നിടങ്ങളാണ് കാംപസുകള്‍. സര്‍ഗാത്മകത പൂത്തുലയുന്നിടം. കാംപസുകളാണ് വിപ്ലവങ്ങളുടെ വിളനിലമായിട്ടുള്ളത്. അവിടങ്ങളില്‍ പടര്‍ന്ന തീപ്പൊരിയാണ് അനീതികള്‍ ചുട്ടെരിക്കുന്ന തീപ്പന്തങ്ങളായി തെരുവുകളിലാകെ പടര്‍ന്നിരുന്നത്.
പക്ഷേ, കേരളത്തിലെ കാംപസുകളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നു നാം ഇനിയെങ്കിലും ഗൗരവപൂര്‍വം അന്വേഷിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ഇനിയും അഭിമന്യുമാരെ സൃഷ്ടിച്ചേക്കാം. തീര്‍ച്ചയായും അഭിമന്യുവിന്റെ കൊലപാതകം കേരളത്തെ വല്ലാതെ ദുഃഖത്തിലാഴ്ത്തി എന്നതു നേരാണ്. പക്ഷേ, എന്തുകൊണ്ട് ആ ദലിത് എസ്എഫ്‌ഐ നേതാവ് കൊല്ലപ്പെട്ടു എന്നത് ആലോചിക്കേണ്ട വിഷയമാണ്. അഭിമന്യു കുത്തേറ്റു വീണ മഹാരാജാസ് കാംപസില്‍ കഴിഞ്ഞ കുറേ വര്‍ഷമായി നടന്നുവന്ന വിദ്യാര്‍ഥിസംഘര്‍ഷങ്ങള്‍ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കേണ്ടതുണ്ട്. പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കാന്‍ വരെ മടികാണിക്കാത്തവരാണ് അവിടത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഇതര വിദ്യാര്‍ഥിസംഘടനകളുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞകാലങ്ങളില്‍ നിരന്തരം ഏറ്റുവാങ്ങേണ്ടിവന്ന മര്‍ദനപരമ്പരകളുടെയും സംഘര്‍ഷങ്ങളുടെയും തുടര്‍ച്ചയും പരിണതിയുമായിരുന്നു ആ ദാരുണ സംഭവം. പറഞ്ഞുവന്നത്, നമ്മുടെ കാംപസുകളില്‍ നിന്നു പടിയിറങ്ങിപ്പോയ ജനാധിപത്യ മൂല്യബോധത്തെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം മടപ്പള്ളി കോളജില്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ എസ്എഫ്‌ഐ നടത്തിയ ആക്രമണം സമാനതകളില്ലാത്തതാണ്.
മഹാരാജാസില്‍ തുടര്‍ന്നുവന്ന, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ അവര്‍ ഇപ്പോഴും തുടരുന്ന, മറ്റു കോളജുകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന ഏകാധിപത്യം മടപ്പള്ളി കോളജില്‍ നിലനിര്‍ത്താനുള്ള ആസൂത്രിത ശ്രമമാണ് നിരന്തരമുള്ള ഈ ആക്രമണങ്ങള്‍. മടപ്പള്ളി കോളജിലെ ഫ്രറ്റേണിറ്റി യൂനിറ്റ് പ്രസിഡന്റ് ആദിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചപ്പോള്‍ അതിനെ ചോദ്യംചെയ്തതിന്റെ പേരിലാണ് ഫ്രറ്റേണിറ്റി ജില്ലാ നേതാവ് സാല്‍വ അബ്ദുല്‍ ഖാദര്‍, എംഎസ്എഫ് പ്രവര്‍ത്തക തംജിത, സഫ്‌വാന തുടങ്ങിയ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് മൂക്കില്‍ നിന്നു രക്തമൊഴുകിയിരുന്ന, അവശയായ സാല്‍വയുടെ മൊഴിയെടുക്കാനോ കേസെടുക്കാനോ പോലിസ് തയ്യാറായില്ല എന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം. വിദ്യാര്‍ഥിനികളെ റോഡിലിട്ട് മര്‍ദിക്കുന്നതു കണ്ടു പ്രതികരിച്ച നാട്ടുകാരുടെ കടയും ഓട്ടോയുമെല്ലാം എസ്എഫ്‌ഐയുടെ ആക്രമണത്തിനു വിധേയമായിട്ടുണ്ട്.
എസ്എഫ്‌ഐയുടെ ഇത്തരം ചെയ്തികളോട് പ്രതികരിക്കാനോ അതിനെ പ്രതിരോധിക്കാനോ പൊതുസമൂഹം തയ്യാറായിട്ടില്ലെന്നത് ദുഃഖകരമാണ്. സാല്‍വ അബ്ദുല്‍ഖാദറിനെതിരേയുള്ള ആദ്യ ആക്രമണമല്ലിത്. അന്നും ഈ കോളത്തില്‍ അക്കാര്യം പരാമര്‍ശിച്ചിരുന്നു. മിടുക്കിയായ ആ പെണ്‍കുട്ടിയെ 'വിഷജന്തു' എന്നു പറഞ്ഞ് നിരന്തരം എസ്എഫ്‌ഐക്കാര്‍ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. സാല്‍വയെ മാനസികമായും കായികമായും തളര്‍ത്തി മടപ്പള്ളി കോളജില്‍ തുടര്‍ന്നു പഠിക്കാനുള്ള അവസരം നിഷേധിക്കുക എന്നതാണ് എസ്എഫ്‌ഐയുടെ ലക്ഷ്യമെന്നു തോന്നുന്നു. കാംപസുകളില്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ അലോസരമുണ്ടാക്കുന്നത് എസ്എഫ്‌ഐയുടെ ആണധികാരത്തെയും യാഥാസ്ഥിതിക മനോഭാവത്തെയും തന്നെയാണ്. അംബേദ്കര്‍ ജയന്തി ആഘോഷിച്ച വിദ്യാര്‍ഥികളെ മഹാരാജാസ് അടക്കമുള്ള വിവിധ കോളജുകളില്‍ ആക്രമിച്ചത് എസ്എഫ്‌ഐയുടെ ന്യൂനപക്ഷവിരുദ്ധതയും ദലിത് വിരുദ്ധതയും വ്യക്തമാക്കുന്നു.
കുറവിലങ്ങാട് ദേവമാതാ കോളജിലെ യൂനിയന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കെഎസ്‌യു ബ്ലോക്ക് സെക്രട്ടറി ജിബിനു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന ഫാഷിസ്റ്റ് ആള്‍ക്കൂട്ടക്കൊലകളുടേതിനു സമാനമാണ്. നിരവധിപേര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടിമെതിക്കുകയും ചെയ്യുന്നതു കണ്ടാല്‍ ജീവന്‍ ബാക്കിയായത് അദ്ഭുതമെന്നേ പറയാനാവൂ.
തിരഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ചുമതല ഏറ്റെടുക്കുന്നതിനുള്ള അവസരംപോലും നല്‍കാതെയുള്ള ആക്രമണമാണ് എസ്എഫ്‌ഐ കാംപസുകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കലാലയങ്ങളില്‍ നിന്ന് സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കണം. അതിനര്‍ഥം കലാലയ രാഷ്ട്രീയം നിരോധിക്കണം എന്നല്ല. മറിച്ച്, സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ജനാധിപത്യ ഇടമായി കാംപസുകള്‍ മാറണം എന്നാണ്. അവിടം സര്‍ഗാത്മക ബഹുസ്വരതയുടെ, രാഷ്ട്രീയമൂല്യബോധങ്ങളുടെ വിളനിലമാവണം. ി
Next Story

RELATED STORIES

Share it