Idukki local

കാംപസിനുള്ളില്‍ അമിത വേഗതയിലോടിച്ച കാര്‍ ഇടിച്ച് പെണ്‍കുട്ടി ആശുപത്രിയില്‍

തൊടുപുഴ: കോളജ് കാംപസില്‍ അമിതവേഗതയില്‍ ഓടിച്ച ഇന്നോവ കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍.ന്യൂമാന്‍ കോളജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദ വിദ്യാര്‍ഥിനി കല്ലൂര്‍ക്കാട് പാലയ്ക്കല്‍ ഗോപിക ജയനാ(19)യ്ക്കാണു തലയ്ക്കും കാലിനും പരിക്കേറ്റത്. ഗോപികയെ ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെ ന്യൂമാന്‍ കോളജിന്റെ കോംപൗണ്ടിനുള്ളിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോപികയെ പിന്നില്‍ നിന്നു അമിതവേഗതയിലെത്തിയ ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കുട്ടി എട്ടടിയോളം ദൂരെ തെറിച്ച് വീണു. ഇതേ കോളജിലെ മൂന്നാം വര്‍ഷ ബി. കോം വിദ്യാര്‍ഥിയും കെഎസ്‌യു യൂനിറ്റ് പ്രസിഡന്റുമായ സിബി ജോസഫ്(24) ആണു കാറോടിച്ചിരുന്നതെന്നു പോലിസ് പറഞ്ഞു.
കോളജിനുള്ളിലേക്ക് പാഞ്ഞെത്തിയ കാറില്‍ നിന്നു സുഹൃത്തുക്കളെ ഇറക്കിയശേഷം തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
മുന്‍പിലേക്ക് പോയ വാഹനം ഒരു തവണ പിന്നിലേക്കെടുത്ത ശേഷം വേഗത്തില്‍ മുന്നോട്ടെടുത്തതിനിടെ മണലില്‍ കയറിയ കാറിന്റെ പിന്‍ചക്രം തെന്നിമാറുകയായിരുന്നു. ഈ സമയം പൊടിമണ്ണ് പറന്നതോടെ തൊട്ടു മുന്നില്‍ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ വാഹനം ഇടിക്കുകയായിരുന്നു. കാംപസിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി അമിതവേഗതയില്‍ വാഹനമോടിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കാര്‍ കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്.
വഴിയരികിലെ ടൈലില്‍ തട്ടിയ കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടമുണ്ടാകാന്‍ കാരണമായത്. സംഭവത്തില്‍ പോലിസ് അപകടകരമായ ഡ്രൈവിങ്, വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് കാരണമായ വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it