കസ്റ്റഡി മരണങ്ങള്‍ കൂടുതല്‍ മഹാരാഷ്ട്രയില്‍

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടക്കുന്നത് മഹാരാഷ്ട്രയിലെന്നു ബോംബെ ഹൈക്കോടതി. 1999 മുതല്‍ 2014 വരെ സംസ്ഥാനത്ത് 106 കസ്റ്റഡി മരണങ്ങളാണു നടന്നത്. അതില്‍ 13 എണ്ണത്തില്‍ മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അഞ്ചു പോലിസുകാര്‍ക്കെതിരേ കേസെടുത്തെങ്കിലും ആരെയും ശിക്ഷിച്ചില്ലെന്നും കോടതി അറിയിച്ചു.
2002 ഡിസംബറില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഖാജാ യൂനുസ് മരിച്ചതാണ് ഇത്തരത്തിലുള്ള ഒരു സംഭവം. ഘട്‌കോപാര്‍ സ്‌ഫോടനക്കേസില്‍ പങ്കാളിയാണെന്നാരോപിച്ചാണ് മുംബൈ പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. യൂനുസ് മരിച്ച് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പോലിസുകാര്‍ക്കെതിരേയുള്ള കേസിന്റെ വിചാരണ പോലും തുടങ്ങിയിട്ടില്ല. സ്വന്തം നാടായ പര്‍ദാനിയില്‍ അവധിക്കു വന്ന യൂനുസിനെ 2003ല്‍ പോട്ട ചുമത്തിയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മൂന്നു ദിവസത്തിനുശേഷം രക്തം ഛര്‍ദിച്ച് യൂനുസ് മരണപ്പെടുകയായിരുന്നു.
മുംബൈയില്‍ നിന്ന് ഔറംഗബാദിലേക്ക് കൊണ്ടുപോവും വഴി യൂനുസ് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലിസ് പറഞ്ഞിരുന്നത്. യൂനുസിന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കി. 2004ല്‍ കൊലപാതകത്തിനും തെളിവുനശിപ്പിച്ചതിനും ഗൂഢാലോചനയ്ക്കുമെതിരേ ഇന്‍സ്പക്ടര്‍ അടക്കം നാലു പോലിസുകാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് പിന്നീട് നാസിക്കിലെ സിഐസിക്കു കൈമാറി. 2009ല്‍ കുറ്റപത്രം തയ്യാറായെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. 68 വയസ്സുളള യൂനുസിന്റെ മാതാവ് ആസിയാ ബീഗമാണ് ഒറ്റയ്ക്കു നീതിക്കു വേണ്ടി പോരാടുന്നത്. ഇതേപോലെ നിരവധി കസ്റ്റഡിമരണ കേസുകളിലെയും വിചാരണ തുടങ്ങാതെ അനശ്ചിതത്വത്തിലാണ്.
Next Story

RELATED STORIES

Share it