കസ്റ്റഡി മരണം: ഉന്നത പോലിസ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അനിശ്ചിതത്വം

കൊച്ചി: വരാപ്പുഴയില്‍ ദേവസ്വംപാടം ഷേണായി പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ എസ് ആര്‍ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച കേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം.
എറണാകുളം മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജ്, ആലുവ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്‍ എന്നിവരുടെ കാര്യത്തിലാണു പ്രത്യേക അന്വേഷണ സംഘത്തിന് ആശയക്കുഴപ്പം. വരാപ്പുഴ ദേവസ്വംപാടത്തെ അവസ്ഥയെപ്പറ്റി ഡിവൈഎസ്പി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കീഴുദ്യോഗസ്ഥരെ ന്യായീകരിച്ചതെന്നാണ് എ വി ജോര്‍ജ് അന്വേഷണ സംഘത്തിനോടു പറഞ്ഞിരിക്കുന്നതെന്നാണു വിവരം.
ശ്രീജിത്ത് അറസ്റ്റിലാവുന്ന ഏപ്രില്‍ ആറിനു ഡിവൈഎസ്പിക്കാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളെ വിട്ടുകൊടുത്തത്. ശ്രീജിത്ത് ആശുപത്രിയില്‍ അഡ്മിറ്റായ സമയത്തും ഡിവൈഎസ്പി റിപോര്‍ട്ട് നല്‍കിയെന്നും എ വി ജോര്‍ജ് അന്വേഷണ സംഘത്തോടു പറഞ്ഞതായാണ് വിവരം. എ വി ജോര്‍ജിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയോട് അന്വേഷണ സംഘം വിശദാംശങ്ങള്‍ തേടിയിരുന്നു. ശ്രീജിത്ത് ആശുപത്രിയിലായ ശേഷം എസ്പി റിപോര്‍ട്ട് തേടിയിരുന്നതായി ഡിവൈഎസ്പി പറഞ്ഞതായാണ് അന്വേഷണ സംഘത്തില്‍ നിന്നു ലഭിക്കുന്ന വിവരം. എന്നാല്‍, പൂര്‍ണ റിപോര്‍ട്ട് താന്‍ നല്‍കിയിട്ടില്ലെന്നും ഡിവൈഎസ്പി മൊഴി നല്‍കിയതായും സൂചനയുണ്ട്.
വരാപ്പുഴ ദേവസ്വംപാടത്തു നടന്ന പ്രശ്‌നങ്ങളുടെ രൂക്ഷത സംബന്ധിച്ചു മേലുദ്യോഗസ്ഥനു കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞില്ലെന്ന ആരോപണമാണ് ഡിവൈഎസ്പിക്കെതിരേ പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ കേസില്‍ ഇവരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമാവുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നു ലഭിക്കുന്ന വിവരം.
Next Story

RELATED STORIES

Share it