കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായെന്ന് ബിന്ധ്യാസ്

കൊച്ചി: പോലിസ് കസ്റ്റഡിയില്‍ താന്‍ ശാരീകവും മാനസികവും ലൈംഗികവുമായ പീഡനത്തിനിരയായെന്ന് ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി ബിന്ധ്യാസ് തോമസ്. കൊച്ചിയില്‍ പോലിസ് കംപ്ലയിന്റ് അതോറിറ്റി മുമ്പാകെ ഹാജരായാണ് അവര്‍ ഇക്കാര്യം ബോധിപ്പിച്ചത്. ബിന്ധ്യാസ് നല്‍കിയ പരാതിയും ഉദ്യോഗസ്ഥരുടെ വിശദീകരണവും അടുത്തമാസം 15ന് വീണ്ടും പരിഗണിക്കുമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കി. പോലിസ് കസ്റ്റഡിയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന പരാതി ആദ്യ സംഭവമാണെന്ന് വാക്കാല്‍ പരാമര്‍ശിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് പരാതി ഗൗരവമുള്ളതാണെന്നും പലകാര്യങ്ങളും പുറത്ത് പറയാവുന്നതല്ലെന്നും ചൂണ്ടിക്കാട്ടി. തെളിവുകള്‍ അടക്കമുള്ള വിശദമായ സത്യവാങ്മൂലം അടുത്ത സിറ്റിങില്‍ ഹാജരാക്കണമെന്ന് പരാതിക്കാരിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കസ്റ്റഡിയിലായിരിക്കെ പീഡനത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയതടക്കമുള്ള രേഖകള്‍ കമ്മീഷനില്‍ ഹാജരാക്കാമെന്നും അവര്‍ ബോധിപ്പിച്ചു. അമ്മയെ തൊട്ടടുത്ത മുറിയില്‍ ഇരുത്തിയ ശേഷമാണ് സ്‌റ്റേഷനില്‍ വച്ച് തന്നെ പീഡിപ്പിച്ചതെന്ന് ബിന്ധ്യാസ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മനോദുഃഖം മൂലമാണ് അമ്മ ആത്മഹത്യ ചെയ്തതെന്നും ബിന്ധ്യാസ് പറഞ്ഞു. തന്റെ മൊബൈലില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വ്യവസായി അടക്കമുള്ള 11 പേരില്‍ നിന്ന് വന്‍തുക അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി വാങ്ങിയിട്ടുണ്ട്. 2014 ജൂലൈ പത്തിന് കുമ്പളം ടോള്‍പ്ലാസയില്‍ നിന്ന് ഭാവി വരനോടൊപ്പം യാത്ര ചെയ്യവെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അന്ന് തന്നോടൊപ്പം കസ്റ്റഡിയിലെടുത്ത ഭാവിവരന്‍ റലാഷിനെ വിട്ടയക്കാനും പിടികൂടിയ കാര്‍ വിട്ടുകൊടുക്കാനും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇടപെട്ടിരുന്നുവെന്നും ബിന്ധ്യാസ് ആരോപിച്ചു. എളമക്കര പോലിസ് അറസ്റ്റു ചെയ്ത് റിമാന്‍ഡിലയച്ച പ്രതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ പോലിസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് കെ നാരായണകുറുപ്പ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സ്വമേധയാ ഇടപെടും. എവിടെയാണ് വീഴ്ച പറ്റിയതെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവൂ. അടുത്ത ദിവസം മെഡിക്കല്‍ കോളജിലെ ചികില്‍സാ രേഖകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it