thrissur local

കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ഗതാഗതത്തിനു തടസ്സമാവുന്നു

മാള: ഗതാഗത കുരുക്ക് സൃഷ്ടിച്ചും കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയും കേസുകളിലകപ്പെട്ട വാഹനങ്ങള്‍. ഓരോ പോലിസ് സ്‌റ്റേഷനുകള്‍ക്ക് കീഴിലും എക്‌സൈസ് ഓഫിസുകള്‍ക്ക് കീഴിലും കോടതി വളപ്പുകളിലും മറ്റും വിവിധ തരത്തിലുള്ള അനേകം വാഹനങ്ങളാണ് വര്‍ഷങ്ങളായി തുരുമ്പെടുത്ത് നശിക്കുന്നത്.
മണല്‍ കടത്തു കേസിലും അനധിക്യതമായി മദ്യവും സ്പിരിറ്റും മറ്റും കടത്തുന്ന കേസുകളിലുമാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പിടിക്കപ്പെടുന്നത്. മറ്റു ക്രിമിനല്‍ കേസുകളിലകപ്പെട്ടും അനേകം വാഹനങ്ങള്‍ പിടിക്കപ്പെടുന്നുണ്ട്. അപകടത്തില്‍പ്പെട്ടും മറ്റും എത്തുന്ന വാഹനങ്ങളും കൂട്ടത്തിലുണ്ട്.
മണ്ണ് കടത്തുന്ന കേസുകളിലും മറ്റു ചില കേസുകളില്‍ പെട്ടതുമായ വാഹനങ്ങള്‍ നിയമാനുസ്യതമായ പിഴയടച്ച് വാഹനം ഉടമക്ക് കൊണ്ടുപോവാം. എന്നാല്‍ മണല്‍ കടത്ത് കേസിലും മറ്റും ഉള്‍പ്പെട്ട വാഹനങ്ങള്‍ നിലവിലുള്ള നിയമമനുസരിച്ച് പെട്ടെന്നൊന്നും റിലീസ് ചെയ്യില്ല. അത്തരം വാഹനങ്ങള്‍ അനവധി വര്‍ഷങ്ങളായി പാര്‍ക്ക് ചെയ്തിടത്ത് കിടന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്. കോടതിയില്‍ ആവശ്യമായ പിഴയടച്ച് വാഹനം കൊണ്ടുപോകാമെങ്കിലും ഏതാണ്ട് വാഹനത്തിന്റെയത്രയും തുക വരുന്നതിനാല്‍ ഉടമകള്‍ അതിന് തയ്യാറാവാറില്ല.
അതാത് സ്‌റ്റേഷന്‍ വളപ്പുകളില്‍ വാഹനങ്ങള്‍ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ പൊതു നിരത്തുകളിലാവും പാര്‍ക്കിങ്. സ്‌റ്റേഷന്‍ വളപ്പുകളില്‍ നിന്നു തിരിയാന്‍ ഇടമില്ലാതെയാകുമ്പോള്‍ പൊതു നിരത്തുകളില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചാണ് വാഹനങ്ങള്‍ കിടക്കുന്നത്.
വീതി കുറഞ്ഞ പാതകളില്‍ പോലും ഇത്തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. ഇത്തരം വാഹനങ്ങള്‍ ഒരു വര്‍ഷത്തിനകം ഉടമകള്‍ കൈപ്പറ്റാത്ത സാഹചര്യത്തില്‍ ലേലം ചെയ്യാമെന്ന നിയമം ഉണ്ടെങ്കിലും അതെടുത്ത് പ്രയോഗിക്കാന്‍ ആരുംതന്നെ തയ്യാറാവുന്നില്ല.
Next Story

RELATED STORIES

Share it