കസ്തൂരിരംഗന്‍ റിപോര്‍ട്ട്കരട് വിജ്ഞാപനത്തില്‍ കേരളത്തിന്റെ ആവശ്യം ഉള്‍പ്പെടുത്തില്ല

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്മേല്‍ പുതുക്കി ഇറക്കുന്ന കരട് വിജ്ഞാപനത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നു റിപോര്‍ട്ട്. കൂടുതല്‍ മേഖലകള്‍ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ അംഗീകരിക്കാനാവില്ലെന്നാണു പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2017ല്‍ ഇറക്കിയ കരട് വിജ്ഞാപനം അതേപടി പുതുക്കിയിറക്കും. ഇക്കാര്യത്തില്‍ പരിസ്ഥിതി മന്ത്രിയുടെ തീരുമാനം ഉടനുണ്ടാവുമെന്നാണു മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ഹരിത ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നതിനു മുമ്പ് സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തും. എങ്ങനെ സമവായമുണ്ടാക്കാമെന്നതു സംബന്ധിച്ചാവും സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുക. കേരളത്തിനു വേണ്ടി മാത്രം അന്തിമ വിജ്ഞാപനം ഇറക്കണമെന്ന ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നാണു മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇക്കാര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രപരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ മാസം 26നാണ് അവസാനിച്ചത്. കരട് റിപോര്‍ട്ടിലെ പരിസ്ഥിതിലോല മേഖലയില്‍ മാറ്റം വരുത്തണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിനിടയിലാണ് പ്രളയ പശ്ചാത്തലത്തില്‍ പരിസ്ഥിതിലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന ഹരിത ട്രൈബ്യൂണല്‍ വിധി വന്നത്.

Next Story

RELATED STORIES

Share it