kozhikode local

കസ്തൂരിരംഗന്‍ റിപോര്‍ട്ട്: സര്‍ക്കാര്‍ നയം വഞ്ചനാപരം- കേരളാ കോണ്‍ഗ്രസ് (എം)

പേരാമ്പ്ര: കസ്തൂരി രംഗന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപോര്‍ട്ട് വഞ്ചനാപരമാണെന്നു കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍. പാര്‍ട്ടി പേരാമ്പ്ര നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 123 വില്ലേജുകളെ ഇഎസ്എ ആയി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ട കസ്തൂരി രംഗന്‍ റിപോര്‍ട്ടിനെതിരെ മുമ്പ് സമരം നടത്തിയ സിപിഎം അധികാരത്തിലേറിയപ്പോള്‍ വഞ്ചനാപരമായ റിപോര്‍ട്ടാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയതെന്നു ഇക്ബാല്‍ ചൂണ്ടിക്കാട്ടി.
ഇടുക്കി, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ 31 വില്ലേജുകളെ ഒഴിവാക്കിയപ്പോള്‍ കോഴിക്കോട് ഉള്‍പ്പടെയുള്ള മലബാര്‍ മേഖലയിലെ വില്ലേജുകളെ ഇതില്‍ ഉള്‍പ്പെടുത്താതിരുന്നതു കൊടും ചതിയായി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കണം. നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ബേബി കാപ്പുകാട്ടില്‍  പ്രഭാഷണം നടത്തി. സുരേന്ദ്രന്‍ പാലേരി, ജോര്‍ജ് ഫിലിപ്പ്—, ഡെയ്‌സി ജോസഫ്, മത്തായി ചുണ്ടേല്‍, പ്രകാശന്‍ കിഴക്കയില്‍, സജീഷ് കോശി, ജയ്‌സന്‍ ജോസഫ്, കെ ടി രാമചന്ദ്രന്‍, അപ്പ മേടപ്പള്ളില്‍, ജോസ് തോട്ടുപുറത്ത്, നാസര്‍ പള്ളിത്താഴം, സാബു പുളിക്കല്‍ സംസാരിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇക്ബാലിന് യോഗത്തില്‍ സ്വീകരണം നല്‍കി.
Next Story

RELATED STORIES

Share it