thrissur local

കഷ്ടതകള്‍ ഓരോന്നായി നിരത്തി വ്യാപാരികള്‍; വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് സ്ഥാനാര്‍ഥികള്‍

തൃശൂര്‍: സ്ഥാനാര്‍ഥികളുമായുള്ള നേര്‍ക്കാഴ്ച പരിേവദനങ്ങളുടെ വേദിയായി. വ്യാപാരി വ്യവസായികളുടെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്താനുള്ള നടപടികള്‍ക്കായി നിലകൊള്ളുമെന്ന് സ്ഥാനാര്‍ഥികളുടെ വാഗ്ദാനം.
ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുടെ നേര്‍ക്കാഴ്ചയിലാണ് വ്യാപാരികളുടെ ആവശ്യങ്ങളെ സംബന്ധിച്ച നിലപാടുകള്‍ സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കിയത്. ആര്‍ക്കും വേണ്ടാത്ത സമൂഹമാണ് വ്യാപാരികളെന്ന തോന്നല്‍ പ്രബലമാണെന്നു പറഞ്ഞുകൊണ്ട് അധ്യക്ഷനായ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി എസ് പട്ടാഭിരാമന്‍ ചൂടുള്ള ചര്‍ച്ചയക്കു തുടക്കമിട്ടു.
കച്ചവടക്കാര്‍, പ്രത്യേകിച്ചും തൃശൂരിലെ കച്ചവടക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അദ്ദേഹം വിവരിച്ചു. വ്യാപാരികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൊണ്ടുവരുന്നതിനു മുമ്പ് ചേംബര്‍ ഓഫ് കോമേഴ്‌സ് പോലുള്ള അംഗീകൃത വ്യാപാരി സംഘടനകളുമായി ചര്‍ച്ച വേണമെന്നായിരുന്നു പട്ടാഭിരാമന്റെ ഒരാവശ്യം. മാത്രമല്ല, വില്‍പനനികുതി ഉദ്യോഗസ്ഥരുടെ വ്യാപാരികളുടെ മേലുള്ള പീഡനങ്ങളും നിയമങ്ങളുടെ പല അപ്രായോഗികതകളും വിവരിച്ചു.
വി എസ് സുനില്‍കുമാര്‍ എംഎല്‍എ, പദ്മജ വേണുഗോപാല്‍, ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ സ്ഥാനാര്‍ഥികള്‍ അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. വികസനം, അഴിമതി, മദ്യനയം തുടങ്ങിയവയായിരുന്നു പ്രധാന വിഷയങ്ങള്‍. ആദ്യം സ്വയം പരിചയപ്പെടുത്തലായിരുന്നു. പിന്നീട് സദസില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പ്രതികരണങ്ങള്‍ അറിയിച്ചു.
നിലവിലെ എംഎല്‍എ എന്ന നിലയില്‍ വി എസ് സുനില്‍കുമാറിനോടായിരുന്നു കൂടുതല്‍ പേരുടെയും ചോദ്യം. വ്യാപാരികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ നടപടിയുണ്ടാവുമോ എന്നതായിരുന്നു അതില്‍ തന്നെ പ്രധാനം. വികസനത്തിനു രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ഉണ്ടാവണമെന്നായിരുന്നു സുനില്‍കുമാറിന്റെ മറുപടി.
കേരള മോഡല്‍ വികസനം കാലത്തിനനുസരിച്ച് പുനക്രമീകരിക്കണം. സമ്പത്തിന്റെ ജനാധിപത്യപരമായ വിതരണമായിരിക്കണം വികസനമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളെ വിഷമിപ്പിക്കാത്ത നികുതി സമ്പ്രദായമായിരിക്കും ഇടതുപക്ഷ സര്‍ക്കാരിന്റെതെന്ന് പറഞ്ഞ അദ്ദേഹം അതിനായി പരിശ്രമിക്കുമെന്നും അറിയിച്ചു. സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി വ്യാപാരികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനു നിയമസഭയില്‍ വാദിക്കുമെന്നും അതിനായി വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്നും സുനില്‍ പറഞ്ഞു. മദ്യവര്‍ജനം തന്നെയാണ് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാട്. അതേസമയം അടച്ച ബാറുകള്‍ തുറക്കുമെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലേതടക്കം ഏത് അഴിമതിയെയും ചെറുക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ 60 വര്‍ഷം മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ കേരളത്തിന്റെ വികസനം തകര്‍ത്തുവെന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്റെ അഭിപ്രായം. ഉല്‍പാദനം ഇല്ലാത്ത ഉപഭോക്തൃസംസ്ഥാനമായി കേരളം മാറി. ഗള്‍ഫ് പണമുള്ളതുകൊണ്ടാണ് കേരളം നിലനില്‍ക്കുന്നത്. രണ്ടുവര്‍ഷമായി ഒരു ആരോപണവും നേരിടാത്ത പ്രധാനമനന്ത്രി നരേന്ദ്ര മോഡിയുടെ സങ്കല്‍പത്തിലുള്ള ഭരണം കേരളത്തിലും വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ പണിമുടക്ക്, ഹര്‍ത്താല്‍ തുടങ്ങിയ അനാവശ്യസമരങ്ങള്‍ വ്യാപാരി, വ്യവസായികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇത് ഒഴിവാക്കപ്പെടണം. തൃശൂരിലും വികസനം ഉണ്ടാവും. ജയിച്ചാല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യമുള്ള എംഎല്‍എയായിരിക്കും താനെന്നും പദ്മജ പറഞ്ഞു.
ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി ടി ആര്‍ വിജയകുമാര്‍, ബോബന്‍ കൊള്ളന്നൂര്‍, ജോസ് ആലുക്ക, മേരി ജോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it