Flash News

കശ്മീര്‍ സംഘര്‍ഷം : മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു



ശ്രീനഗര്‍: സുരക്ഷാ സേനയുമായുണ്ടായ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലശ്കറെ ത്വയ്യിബ നേതാവിന്റേതടക്കും മൂന്നു പേരുടേ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദക്ഷിണ കശ്മീരിലെ അര്‍വാനി ഗ്രാമത്തില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലശ്കര്‍ നേതാവ് ജന എന്ന മട്ടോയുടെയും നാന എന്ന ആദില്‍ മുസ്താഖ് മിറിന്റെയും നിസാര്‍ അഹ്മദ് വാനിയുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് സുരക്ഷാസേന അറിയിച്ചു. കുല്‍ഗാം ജില്ലയില്‍ നിന്നുള്ള ഇരുപത്തിനാലുകാരനായ മട്ടോ കഴിഞ്ഞ വര്‍ഷം ജൂണില്‍ അനന്ത്‌നാഗ് ബസ്‌സ്റ്റാന്റില്‍ വച്ച് രണ്ടു പോലിസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ആദില്‍ മുസ്താഖ് മിര്‍ പാംപോറിലെ ഫ്രാസ്ബാല്‍ സ്വദേശിയും നിസാര്‍ അഹ്മദ് വാനി ഷോപിയാനിലെ ഹെഫ് ഷ്രെമാല്‍ സ്വദേശിയുമാണ്. അതേസമയം, ശ്രീനഗര്‍, കുല്‍ഗാം, പുല്‍വാമ എന്നീ മേഖലകളില്‍ സുരക്ഷാ സേന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രക്ഷോഭകര്‍ മേഖലയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മീര്‍വായിസ് ഉമര്‍ ഫാറൂഖ്, ജെകെഎല്‍ഫ് നേതാവ് യാസിന്‍ മാലിക് തുടങ്ങിയ നേതാക്കളാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
Next Story

RELATED STORIES

Share it