കശ്മീര്‍ മാധ്യമരംഗത്തെ അവസ്ഥ

മുഅസം മുഹമ്മദ്
റൈസിങ് കശ്മീര്‍ പത്രാധിപര്‍ ശുജാഅത്ത് ബുഖാരിയുടെ കൊലപാതകം നടന്ന ശേഷം ശ്രീനഗറിലെ പ്രസ് എന്‍ക്ലേവില്‍ ഭയം തളംകെട്ടി നില്‍ക്കുകയാണ്. അവിടെയാണ് ശുജാഅത്തും അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരും ആക്രമിക്കപ്പെട്ടത്. അവിടത്തെ തണലുള്ള ഭാഗങ്ങളില്‍ ചായയും കുടിച്ച് സൊറപറയാറുള്ള പത്രപ്രവര്‍ത്തകരുടെ സംഘങ്ങളെ ഇപ്പോള്‍ കാണുന്നില്ല. എവിടെയും ദീര്‍ഘനേരം നില്‍ക്കാന്‍ ആരും തയ്യാറാവുന്നില്ല. കശ്മീരിലെ പ്രധാന പ്രസിദ്ധീകരണങ്ങളുടെയെല്ലാം ആസ്ഥാനമായ ഈ കോളനിയില്‍ പോലിസ് സുരക്ഷ വര്‍ധിപ്പിച്ചെങ്കിലും എല്ലാവരും തങ്ങളുടെ ജോലികളിലേക്കു തിരിച്ചുപോവാന്‍ തിടുക്കം കാട്ടുകയാണ്.
റൈസിങ് കശ്മീര്‍ പത്രത്തിന്റെ ഓഫിസിലെങും നിശ്ശബ്ദതയാണ്. ന്യൂസ്‌റൂമിലെ ചടുലസംഭാഷണങ്ങളും ടെലിവിഷന്റെ ശബ്ദകോലാഹലവും കേള്‍ക്കാനില്ല. ശുജാഅത്ത് ഇരിക്കാറുള്ള ഒന്നാംനിലയിലെ ചേംബര്‍ അടച്ചിട്ടിരിക്കുന്നു. ഇവിടെ നിന്നാണു കൊല്ലപ്പെടുന്നതിനു മുമ്പ് അദ്ദേഹം തന്റെ അവസാന യാത്ര പുറപ്പെട്ടത്. അവിടെ പോവാതിരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കുന്നു. നിരന്തരം യാത്ര ചെയ്യാറുള്ള തങ്ങളുടെ പത്രാധിപര്‍ യാത്രയിലാണെന്നും താമസിയാതെ തിരിച്ചുവരുമെന്നും എല്ലാവരും വിശ്വസിക്കുന്നു. ശ്രീനഗറില്‍ നിന്നു 2008ലാണ് ശുജാഅത്ത് റൈസിങ് കശ്മീര്‍ ദിനപത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് പ്രാദേശിക ഭാഷയിലുള്ള 'ബുലന്ദ് കശ്മീര്‍', 'കശ്മീര്‍ പര്‍ചം' വാരിക, 'സംഗര്‍മാല്‍' തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. എന്നാല്‍, ഇതിലേറ്റവും പ്രധാനം റൈസിങ് കശ്മീര്‍ തന്നെയായിരുന്നു. കശ്മീരിലെ പ്രധാന ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിനു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ അതു വളര്‍ന്നു. മൂന്നു ദശകം കശ്മീരില്‍ ജോലി ചെയ്ത ശുജാഅത്തിന്റെ അനുഭവം പത്രത്തിനു വലിയ മുതല്‍ക്കൂട്ടായിരുന്നു.
1990കളില്‍ കശ്മീര്‍ ടൈംസ് പത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ദ ഹിന്ദുവിനു വേണ്ടി കശ്മീരില്‍ നിന്ന് റിപോര്‍ട്ട് ചെയ്തു. തുടര്‍ന്ന് റൈസിങ് കശ്മീരില്‍ തന്റെ സമയവും ഊര്‍ജവും കേന്ദ്രീകരിക്കാന്‍ ജോലി രാജിവച്ചു. ആ പത്രത്തിന്റെ ജീവാത്മാവായിരുന്നു അദ്ദേഹം. എല്ലാ ഭാഗത്തുനിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്ക്  നടുവിലായിരുന്നു റൈസിങ് കശ്മീര്‍. ഒരു ഭാഗത്ത് ഇന്ത്യന്‍ ഏജന്‍സികളില്‍ നിന്നു പണം വാങ്ങുന്നുവെന്ന ആരോപണം. മറുഭാഗത്ത്, ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യം നിഷേധിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
യാസീന്‍ മാലിക് നേതൃത്വം കൊടുക്കുന്ന ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) അവരുടെ പ്രസ്താവനകള്‍ നല്‍കുന്നതില്‍ നിന്നു പത്രത്തെ വിലക്കി. ''2016ല്‍ ജെകെഎല്‍എഫിന്റെ ഒരു പത്രക്കുറിപ്പ് ഞങ്ങള്‍ മനപ്പൂര്‍വമല്ലാതെ ഒഴിവാക്കിയിരുന്നു. അടുത്ത ദിവസം അവരുടെ പ്രസ്താവന ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവര്‍ വിലക്കി''- പത്രത്തിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഫൈസുല്‍ യാസീന്‍ പറയുന്നു. ജെകെഎല്‍എഫിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ റൈസിങ് കശ്മീരിന് പറ്റുമായിരുന്നില്ല. സംഘടനയുടെ ഒരു പ്രവര്‍ത്തകന്‍ മുഖേന തുടര്‍ന്നും പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതി പത്രത്തിനു കിട്ടി. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ മാലിക് സംഘടനയുടെ വാര്‍ത്തകള്‍ നല്‍കരുതെന്ന് അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ മരണശേഷം സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോയപ്പോള്‍, 2016ല്‍, മെഹബൂബ മുഫ്തിയെ സ്വാധീനിക്കാന്‍ വേണ്ടി ബിജെപി മുതിര്‍ന്ന നാല് പിഡിപി നേതാക്കളുടെ പിന്തുണ തേടിയതായ വാര്‍ത്ത പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇതു രാഷ്ട്രീയവൃത്തങ്ങളില്‍ ഒച്ചപ്പാടുണ്ടാക്കി. പക്ഷേ, ശുജാഅത്തിന്റെ ദൗത്യവുമായി മുന്നോട്ടുപോവാന്‍ വേണ്ടി 'പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ സത്യത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്തുക' എന്ന തത്ത്വത്തിനാണ് പത്രം മുന്‍ഗണന നല്‍കുന്നത്. ശുജാഅത്ത് കൊല്ലപ്പെട്ടതിന്റെ പിറ്റേന്നു രാവിലെ കറുത്ത നിറത്തില്‍ പ്രസിദ്ധീകരിച്ച തങ്ങളുടെ ആദ്യ പേജില്‍, വധിക്കപ്പെട്ട എഡിറ്ററുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തോടൊപ്പം, റൈസിങ് കശ്മീര്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ''...താങ്കളെ ഞങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഭീരുക്കളുടെ മുന്നില്‍ ഞങ്ങള്‍ അടിയറവു പറയില്ല. എത്ര തന്നെ അപ്രിയകരമായിരുന്നാലും സത്യം പറയുക എന്ന താങ്കളുടെ ആദര്‍ശം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും... ആദരാഞ്ജലികള്‍.''
കശ്മീര്‍ താഴ്‌വരയില്‍ വെടിയേറ്റു മരിക്കുന്ന 19ാമത് മാധ്യമപ്രവര്‍ത്തകനാണ് ശുജാഅത്ത്. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ട് പ്രകാരം സുരക്ഷാസേനയുടെ വെടിയേറ്റ് ആറുപേര്‍ കൊല്ലപ്പെട്ടപ്പോള്‍, അഞ്ചുപേരെ സായുധവിമതരും അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത അക്രമികളും കൊലപ്പെടുത്തി. സ്‌ഫോടനങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ശുജാഅത്തിനെ 2006ല്‍ ശ്രീനഗര്‍ റസിഡന്‍സി റോഡില്‍ വച്ച് ചില ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. അക്രമകാരിയുടെ തോക്ക് കേടായതിനെ തുടര്‍ന്ന് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം അദ്ദേഹം പോലിസ് കാവലിലാണു ജീവിച്ചത്.   അന്നത്തെ അക്രമത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ അന്തര്‍ദേശീയ സംഘടനയായ റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിനോട് ശുജാഅത്ത് പറഞ്ഞത് ഇതാണ്: ''കശ്മീരില്‍ ഇത്തരം അക്രമങ്ങളുടെ ആസൂത്രകരും അക്രമകാരികളും അപൂര്‍വമായേ പിടിക്കപ്പെടാറുള്ളൂ.''
സര്‍ക്കാര്‍ പിന്തുണയുള്ള, കുപ്രസിദ്ധമായ 'ഇഖ്‌വാന്‍' സംഘത്തിലെ സായുധര്‍ 1996ല്‍ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ നിന്നു തട്ടിക്കൊണ്ടുപോയ 19 മാധ്യമപ്രവര്‍ത്തകരില്‍ ശുജാഅത്തും ഉണ്ടായിരുന്നു. മുസ്‌ലിം മുജാഹിദീന്റെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശ്രീനഗറില്‍ നിന്ന് ഒന്നിച്ചു യാത്രതിരിച്ചതായിരുന്നു അവര്‍. മേഖലയില്‍ ഇന്ത്യ പിന്തുണയ്ക്കുന്ന നിരവധി സായുധസംഘങ്ങളില്‍ ഒന്നാണ് 'മുസ്‌ലിം മുജാഹിദീന്‍.' ആ മാധ്യമപ്രവര്‍ത്തകരെ അനന്ത്‌നാഗില്‍ വച്ച് ഇന്ത്യ പിന്തുണയ്ക്കുന്ന മറ്റൊരു സായുധസംഘമായ 'ജമ്മുകശ്മീര്‍ ഇഖ്‌വാന്‍' തട്ടിയെടുത്ത് അവരുടെ കമാന്‍ഡര്‍ ഹിലാല്‍ ഹൈദറിന്റെ ആസ്ഥാനത്തേക്കു കൊണ്ടുപോവുകയായിരുന്നു.
പ്രധാന പത്രങ്ങള്‍ ഇഖ്‌വാന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണം എന്നതായിരുന്നു ഹൈദറിന്റെ ആവശ്യം. 19 മാധ്യമപ്രവര്‍ത്തകരില്‍ ആറുപേര്‍ അയാളുടെ ആജ്ഞ അനുസരിക്കാത്ത പത്രങ്ങളില്‍ നിന്നുള്ളവരായിരുന്നു. കുപ്രസിദ്ധനായ ഹൈദര്‍ ഈ ആറു ജേണലിസ്റ്റുകളെ മാറ്റിനിര്‍ത്തി. അതിലൊന്ന് ശുജാഅത്തായിരുന്നു. അവരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഒടുവില്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സേന നിര്‍ബന്ധിതരായി.
യാത്രാപ്രിയനായിരുന്ന ശുജാഅത്ത്, സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞുനിന്നു. ശുജാഅത്ത് ട്വിറ്ററില്‍ പങ്കുവച്ച അവസാനത്തെ ട്വീറ്റ് ലിസ്ബണില്‍ നടന്ന ആഗോള എഡിറ്റേഴ്‌സ് സമ്മേളനത്തില്‍ താന്‍ പങ്കെടുക്കുന്ന ചിത്രമായിരുന്നു. ജൂണ്‍ 14ന് ഐക്യരാഷ്ട്രസഭ കശ്മീരിനെക്കുറിച്ചുള്ള തങ്ങളുടെ പ്രഥമ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ അദ്ദേഹം അത് ഉടന്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയുണ്ടായി. താഴ്‌വരയിലെ ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ വരച്ചുകാട്ടുന്നതാണ് 49 പേജ് റിപോര്‍ട്ട്. അതിനു മുമ്പ് ഇന്ത്യന്‍ ഗവേഷണ സ്ഥാപനമായ ഒആര്‍എഫിന്റെ പരിപാടിക്കിടെ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി: ''ഒരു വ്യക്തിയുടെ അഭാവത്തില്‍ അയാള്‍ക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിക്കാന്‍ ഒആര്‍എഫ് പോലെയുള്ള ഒരു ഗവേഷണ സ്ഥാപനം അനുവദിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കശ്മീരില്‍ അഭിമാനത്തോടെയാണു ഞങ്ങള്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നത്. താഴെത്തട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഞങ്ങള്‍ തുടരും.''
അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തപ്പോള്‍  അവരെല്ലാം ചോദിച്ചത് ആരാണ് ശുജാഅത്തിനെ കൊന്നതെന്നായിരുന്നു.  അന്വേഷിക്കാന്‍ പോലിസ് സംഘത്തെ നിയമിച്ച ഭരണകൂടത്തിനുമില്ല വ്യക്തമായ മറുപടി. സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍  കേസില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.                        ി

(പരിഭാഷ: മുഹമ്മദ് സാബിത്)
Next Story

RELATED STORIES

Share it