കശ്മീര്‍: മന്ത്രിസ്ഥാനം ലഭിച്ചില്ല; പവന്‍ ഗുപ്ത പ്രതിപക്ഷത്ത്

ജമ്മു: ജമ്മുകശ്മീര്‍ നിയമസഭയിലെ സ്വതന്ത്ര എംഎല്‍എ പവന്‍ ഗുപ്ത പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചു. മെഹബൂബ മുഫ്തി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. കഴിഞ്ഞ പിഡിപി-ബിജെപി സര്‍ക്കാരില്‍ ഗുപ്ത മന്ത്രിയായിരുന്നു.
ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ദംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രനായാണ് അദ്ദേഹം മല്‍സരിച്ചു ജയിച്ചത്. ബിജെപിയുടെ ക്വാട്ടയില്‍പ്പെടുത്തി മുഫ്തി മുഹമ്മദ് സയ്യിദിന്റെ മന്ത്രിസഭയില്‍ മന്ത്രിയാക്കുകയും ചെയ്തു. എന്നാല്‍, മെഹബൂബ മന്ത്രിസഭയില്‍ ഗുപ്തയെ ഉള്‍പ്പെടുത്തേണ്ട എന്നായിരുന്നു ബിജെപിയുടെ തീരുമാനം.
ബിജെപി തന്നെ വഞ്ചിച്ചുവെന്ന് ഗുപ്ത ആരോപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് തന്റെ വോട്ട് കിട്ടുന്നതിനു വേണ്ടിയാണ് കഴിഞ്ഞ മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ അത്തരം വോട്ടൊന്നും ആവശ്യമില്ലാത്തതിനാലാണ് തന്നെ തഴഞ്ഞത്. അധികാരത്തിനു വേണ്ടി ബിജെപി സ്വന്തം പ്രത്യയശാസ്ത്രം അടിയറ വച്ചു. ജമ്മു മേഖലയില്‍ പാര്‍ട്ടിക്ക് ജനസ്വാധീനം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രജാ പരിഷത്ത് ജനസംഘത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു ഗുപ്തയുടെ പിതാവ്. പിന്നീട് അദ്ദേഹം ബിജെപിയുടെയും നേതാവായി.
നാലു തവണ ബിജെപി ടിക്കറ്റില്‍ ജമ്മുകശ്മീര്‍ നിയമസഭയിലെത്തിയ ഏക നേതാവാണ് ഗുപ്ത.
Next Story

RELATED STORIES

Share it