കശ്മീര്‍: ബാലികയെ കൊലപ്പെടുത്തിയത് നാടോടികളെ ഓടിക്കാന്‍

ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ എട്ട് വയസ്സുകാരി ആസിഫയെ ബലാല്‍സംഗം ചെയ്ത് കൊന്നത് പ്രദേശത്ത് നിന്ന് ബഖര്‍വാള്‍ സമുദായക്കാരായ നാടോടികളെ ഓടിക്കാന്‍ വേണ്ടിയുള്ള പദ്ധതിയായിരുന്നുവെന്ന് അധികൃതര്‍.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് 19 വയസ്സ് കഴിഞ്ഞിട്ടുണ്ടെന്നും മെഡിക്കല്‍ റിപോര്‍ട്ടിനെ ഉദ്ധരിച്ച് അവര്‍ പറഞ്ഞു. പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
ആസിഫയെ മയക്കുമരുന്നു നല്‍കിയ ശേഷമാണ് ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. അറസ്റ്റിലായ യുവാവും അയാളുടെ ബന്ധുവും ഒരു സ്‌പെഷ്യല്‍ പോലിസ് ഓഫിസറുമാണ് കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയത്. മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബഖര്‍വാള്‍ നാടോടികളില്‍ ഭീതി ജനിപ്പിച്ച് അവരെ നാട്ടില്‍ നിന്ന് ഓടിക്കുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യം.
യുവാവിനെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം ഹൈക്കോടതിയില്‍ കേസിന്റെ സ്ഥിതിവിവര റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. യുവാവിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡ് അയാള്‍ക്ക് 19 വയസ്സ് കഴിഞ്ഞിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കാണാതായി ഒരാഴ്ചയ്ക്കു ശേഷമാണ് ആസിഫയുടെ മൃതദേഹം റസന്ന വനത്തില്‍ നിന്ന് കണ്ടെടുത്തത്. കൊലപാതകം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it