Flash News

കശ്മീര്‍: പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യുഎന്‍

ന്യൂഡല്‍ഹി: കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യുഎന്‍. കശ്മീര്‍ വിഷയത്തില്‍ പുറത്തുവിട്ട ആദ്യ യുഎന്‍ റിപോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. കശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യയുടെയും പാകിസ്താന്റെയും നടപടികളെ റിപോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. യുഎന്‍ റിപോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും അത് തള്ളിക്കളയുന്നതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. റിപോര്‍ട്ടിലെ വിവരങ്ങള്‍ തെറ്റാണെന്നും അവ പക്ഷപാതപരവും പ്രേരണാപരവുമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. റിപോര്‍ട്ട് ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കുന്നതാണെന്നും മന്ത്രാലയം പ്രതികരിച്ചു. യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ സെയ്ദ് റഅ്ദ് അല്‍ ഹുസയ്‌ന്റെ നേതൃത്വത്തിലാണ് കശ്മീര്‍ വിഷയത്തില്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. 2016 ജൂലൈ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് യുഎന്‍ സംഘം പഠനം നടത്തിയത്. റിപോര്‍ട്ടില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച് ഇന്ത്യയുടെയും പാകിസ്താന്റെയും ശുപാര്‍ശകള്‍ യുഎന്‍ തേടിയിരുന്നു. കശ്മീരിലെ ജനതയുടെ സ്വയംനിര്‍ണയാവകാശം ഇന്ത്യ ബഹുമാനിക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.2016 മുതല്‍ കശ്മീരില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ അന്വേഷണം വേണമെന്ന് സെയ്ദ് റഅ്ദ് അല്‍ ഹുസയ്ന്‍ ആവശ്യപ്പെട്ടു. പെല്ലറ്റ് ഗണ്‍ ഉപയോഗമടക്കമുള്ള സൈന്യത്തിന്റെ അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും യുഎന്‍ റിപോര്‍ട്ടില്‍ പറയുന്നു. കശ്മീര്‍ വിഷയത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ അടുത്ത വാരം ചേരുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്ന് സെയ്ദ് റഅ്ദ് അല്‍ ഹുസയ്ന്‍ അറിയിച്ചു. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് സ്വതന്ത്രവും സമഗ്രവുമായി അന്താരാഷ്ട്രതലത്തില്‍ അന്വേഷണം നടത്തുന്നതിനാണ് കമ്മീഷനെ നിയമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണങ്ങള്‍ക്കായാണ് അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നത്. സിറിയന്‍ സംഘര്‍ഷമടക്കമുള്ള വിഷയങ്ങൡലാണ് സമീപകാലത്ത് യുഎന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഭീകരവിരുദ്ധ നയത്തിന്റെ മറവില്‍ പാകിസ്താന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവരെ പീഡിപ്പിക്കുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വളരെയധികം മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തി. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാനാല്‍ പാക് അധീന കശ്മീരില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു ബുദ്ധിമുട്ടുണ്ട്. 2016ല്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സൈന്യം വധിച്ച ശേഷം മേഖലയിലുണ്ടായ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍, പാകിസ്താന്‍ പ്രതിനിധികളുമായി യുഎന്‍ മനുഷ്യാവകാശ മേധാവി കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. ജമ്മു-കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ വിചാരണാ നടപടികളില്‍ നിന്നു പ്രതിരോധിക്കുന്നതിനെയും യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി വിമര്‍ശിച്ചു. ജമ്മു-കശ്മീരിലെ സായുധ സംഘടനകള്‍ക്കെതിരേയും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിവിലിയന്‍മാരെ കൊലപ്പെടുത്തുന്നതും ബലാല്‍സംഗവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ സായുധ സംഘടനാ പ്രവര്‍ത്തകര്‍ നടത്തുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it