Flash News

കശ്മീര്‍: കുനാന്‍ പോഷ്‌പോര പറയുന്നത്‌

കശ്മീര്‍: കുനാന്‍ പോഷ്‌പോര പറയുന്നത്‌
X
ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ - 1

കെ എ സലിം



ഫെബ്രുവരി 23-24 ലെ രാത്രി കുനാന്‍ പോഷ്‌പോരയില്‍ ആഫിയയെ നാലാം രജപുത്ത് റൈഫിള്‍സിലെ സൈനികര്‍ ബലാല്‍സംഗം ചെയ്യുമ്പോള്‍ അവരുടെ നാലുദിവസം പ്രായമായ കുഞ്ഞിനെ സൈനികരിലൊരാള്‍ ചവിട്ടിപ്പിടിച്ചിരുന്നു. മൂന്നു ദിവസത്തിനു ശേഷം കുഞ്ഞ് മരിച്ചു. അര്‍ധരാത്രി സൈനികര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറുമ്പോള്‍ കുഞ്ഞിനൊപ്പം ഉറങ്ങുകയായിരുന്നു ആഫിയ. യൂനിഫോമിലെത്തിയ സൈനികര്‍ പൊടുന്നനെ തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി മുറിയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് ആഫിയ പറഞ്ഞു. വായില്‍ തുണി കുത്തിനിറച്ചു. എട്ട് സൈനികരുണ്ടായിരുന്നു അവര്‍. എല്ലാം കഴിഞ്ഞ് തിരിച്ചുപോയ സൈനികര്‍ അല്‍പം കഴിഞ്ഞ് വീണ്ടുമെത്തി ആഫിയയുടെ മാതാവിനെ പിടിച്ചു മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി.

കുനാന്‍ പോഷ്‌പോരയില്‍ അന്ന് രാത്രി 400 ഓളം വരുന്ന സൈനികര്‍ 40 സ്ത്രീകളെയാണ് ബലാല്‍സംഗം ചെയ്തത്. ഗ്രാമത്തിലെ എല്ലാ സ്ത്രീകളും ബലാല്‍സംഗത്തിനിരയായി. 9 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. ദിവസങ്ങള്‍ക്ക് ശേഷം അവര്‍ എല്ലുകളൊടിഞ്ഞ കുഞ്ഞിന് ജന്‍മംനല്‍കി. നാലു സ്ത്രീകള്‍ തുടര്‍ന്നുണ്ടായ രക്തസ്രാവത്തിന് ശേഷം ചികില്‍സകിട്ടാതെ മരിച്ചു. 15 സ്ത്രീകള്‍ക്ക് നിരവധി ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. കൈക്കുഞ്ഞുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളിലൊരാളെ സൈനികന്‍ തോക്കുകൊണ്ട് ഇടിച്ചുവീഴ്ത്തി. കുഞ്ഞ് തെറിച്ചുവീണു.

ഗോര്‍ഡിയന്‍ കെട്ട് പോലെയാണ് കശ്മീര്‍. അത് അഴിക്കാനാവാത്ത കുരുക്കാണ്. തിരക്കൊഴിഞ്ഞൊരു വൈകുന്നേരം ദാല്‍ തടാകക്കരയിലിരിക്കവെ കശ്മീരി സുഹൃത്ത് സാഹില്‍ പറഞ്ഞു. ശരിയായിരുന്നു അത്. അവിശ്വാസമായിരുന്നു കശ്മീരിലെ അഴിക്കാനാവാത്ത കുരുക്ക്. കശ്മീര്‍ പരസ്പരം വിശ്വസിക്കില്ല. പുറത്തുനിന്നുള്ളവരെയും വിശ്വസിക്കില്ല.

ഫെബ്രുവരി 23-24ലെ രാത്രി സ്ത്രീകളുടെ ഫിരാന്‍(മേല്‍കുപ്പായം) ബയണറ്റുകൊണ്ട് കുത്തിക്കീറാന്‍ കേണല്‍ കെ എസ് ദലാലിനും സൈനികര്‍ക്കും ട്രഹ്ഗാമില്‍ നിന്ന് കുനാന്‍ പോഷ്‌പോര ഗ്രാമങ്ങളിലേക്ക് വഴികാട്ടിയത് ഗ്രാമവാസിയായ അബ്ദുല്‍ഗനി തന്നെയായിരുന്നു. അന്ന് രാത്രി തങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് മേഹക് എന്ന യുവതി പോലിസിന് കൊടുത്ത മൊഴിയിലുമുണ്ട്. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സൈന്യം അവരുടെ പിച്ചവച്ചുകൊണ്ടിരിക്കുന്ന മകന്‍ ഇത്തിഷാമിനെ തൊഴിച്ചെറിഞ്ഞു. വസ്ത്രം വലിച്ചുകീറി ടോര്‍ച്ചടിച്ച് അവരുടെ നഗ്നത ആസ്വദിച്ചു. തുടര്‍ന്ന് രണ്ടുപേര്‍ കൈകാലുകള്‍ പിടിച്ചു. പിന്നീട് ഓരോരുത്തരായി ബലാല്‍സംഗം ചെയ്തു. അപ്പോള്‍ മറ്റുള്ളവര്‍ മദ്യം കഴിക്കുകയും അസഭ്യം പറയുകയും ചെയ്തുകൊണ്ടിരുന്നു. മറ്റൊരു വീട്ടില്‍ സനയെ ബലാല്‍സംഗം ചെയ്യുമ്പോള്‍ അവരുടെ മക്കള്‍ അതെല്ലാം കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. തന്റെ മടിയിലിരുന്ന പോഷയെ അവരെടുത്ത് വലിച്ചെറിഞ്ഞു. അവള്‍ പിന്നെയൊരിക്കലും നടന്നിട്ടില്ല.

പാന്റിന്റെ സിബ്ബുകള്‍ തുറന്നിട്ടുകൊണ്ടാണ് സൈനികര്‍ ഓരോ വീട്ടിലേക്കും കയറിച്ചെന്നിരുന്നത്. രാത്രി 11 മുതല്‍ പുലര്‍ച്ചെ മൂന്നുമണിവരെ ഇതു തുടര്‍ന്നു.

വീടുകളില്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമ്പോള്‍ പുരുഷന്‍മാര്‍ക്കായി സൈന്യം പുറത്ത് തുറന്നൊരു ജയിലൊരുക്കിയിരുന്നു. അവരെ കൂട്ടത്തോടെ പുറത്തെ മഞ്ഞില്‍ നിര്‍ത്തി സൈന്യം തോക്കുചൂണ്ടി നിന്നു. തുടര്‍ന്ന് ഓരോരുത്തരെയായി ഗ്രാമത്തിലെ ധാന്യപ്പുരകളിലേക്കു കൊണ്ടുപോയി പീഡനമായിരുന്നു.

11മണിയോടെയാണ് സൈന്യമെത്തിയതെന്ന് ഗ്രാമവാസിയായ അബ്ദുല്‍ അഹദ് ദര്‍ പറഞ്ഞു. വാതില്‍ തകര്‍ത്ത് വീട്ടില്‍ക്കയറിയ 20 ഓളം വരുന്ന സൈനികര്‍ വീട്ടിനുള്ളിലെ പുരുഷന്‍മാരെ പിടിച്ചുകൊണ്ടുപോയി നഗ്നരാക്കി മഞ്ഞില്‍ നിര്‍ത്തി. മുളകുപൊടി കലക്കിയ വെള്ളം ഓരോരുത്തരുടെയും തലയിലൊഴിച്ചായിരുന്നു പീഡനം തുടങ്ങിയത്.

കൈകാലുകളില്‍ ഇലക്ട്രിക് വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ചു. അതോടൊപ്പം ഇടയ്ക്കിടെ മര്‍ദനവും. ബോധംകെട്ടുവീഴുംവരെ അത് തുടര്‍ന്നു. ഇതിനിടയിലെല്ലാം വീടുകളില്‍ നിന്ന് സ്ത്രീകളുടെ നിലവിളി ഉയരുന്നുണ്ടായിരുന്നു. അബ്‌ലി ദര്‍ എന്ന യുവാവിന് തന്റെ വീടിനുള്ളില്‍ വച്ചുതന്നെയായിരുന്നു പീഡനം. നഗ്‌നനാക്കിയ ദറിനെ മുട്ടുകുത്തി നിര്‍ത്തി രണ്ടു സൈനികര്‍ കാലുകളില്‍ ചവിട്ടിപ്പിടിച്ചു. കൈകള്‍ പിന്നോട്ട് പിടിച്ചുകെട്ടി മുടിപിടിച്ച് മുഖം മുളകുവെള്ളത്തില്‍ മുക്കി. പിടഞ്ഞപ്പോള്‍ മറ്റൊരു സൈനികന്‍ ദറിന്റെ മുതുകില്‍ കയറിയിരുന്നു. കാലിനു കുറുകെ മരക്കഷ്ണം വച്ച് അതില്‍ നാലുപേര്‍ കയറി നിന്നു.

ഈ സമയമെല്ലാം ഇടയ്ക്കിടെ ബക്കറ്റില്‍ നിറച്ച മുളകുവെള്ളത്തില്‍ മുഖം താഴ്ത്തുന്നുണ്ടായിരുന്നു. ജീവച്ഛവമായ ദര്‍ 23 വര്‍ഷത്തിലധികം നീണ്ട ചികില്‍സയ്ക്ക് ശേഷം 2014 ജൂണ്‍ 11ന് ഒരു ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചു.

പിറ്റേന്ന് കാലത്ത് ഒമ്പതുമണിയോടെ മടങ്ങിപ്പോവുന്നതിന് മുമ്പ് സൈന്യം തങ്ങള്‍ പരിശോധനയ്‌ക്കെത്തിയെന്നും ആരോടും മോശമായി പെരുമാറിയില്ലെന്നും ഗ്രാമവാസികളോട് ഒപ്പിട്ടുവാങ്ങി. കശ്മീര്‍ പോലിസിന്റെ സാന്നിധ്യത്തിലല്ലാതെ പരിശോധന പാടില്ലെന്നായിരുന്നു നിയമം. പതിവുപോലെ രണ്ടു പോലിസുകാര്‍ കൂടെയുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാം തുടങ്ങും മുമ്പ് രണ്ടു പോലിസുകാരെയും സൈന്യം ഒരു മുറിയില്‍ പൂട്ടിയിട്ടു.

വീടുകളില്‍ നിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളിയുയര്‍ന്നു കേട്ടിരുന്നുവെന്ന് ഇവര്‍ കോടതിയില്‍ കൊടുത്ത മൊഴിയിലുണ്ട്. കാലത്ത് മോചിതനായ താന്‍ വീടുകള്‍ക്കുള്ളില്‍ കയറിച്ചെല്ലുമ്പോള്‍ സ്ത്രീകള്‍ അബോധാവസ്ഥയില്‍ നഗ്നരായി കിടക്കുന്നത് കണ്ടുവെന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹ്മദിന്റെ മൊഴിയിലുണ്ട്.

ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുല്‍ ഗനിയുടെ മൊഴിയും അതുതന്നെയാണ്. സൈനികര്‍ തിരികെപ്പോയിരുന്നു. പീഡനത്തിനിരയായ പുരുഷന്‍മാരും നഗ്നരായി മഞ്ഞില്‍ കിടക്കുന്നുണ്ടായിരുന്നു.

കുനാന്‍ പോഷ്‌പോരയിലേക്ക് എത്ര ദൂരമുണ്ട്? ചോദിച്ചു തീരും മുമ്പേ പോകരുതെന്ന് പറഞ്ഞു സാഹില്‍.
ശ്രീനഗറില്‍ നിന്ന് ഒരുപാട് ദൂരെയാണ് കുനാന്‍ പോഷ്‌പോര. അവിടെ ആരും നിങ്ങളെ വിശ്വസിക്കില്ല. ആരും സംസാരിക്കാനും പോവുന്നില്ല. അരക്ഷിതരായ മനുഷ്യരുടെ അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും പശ്ചാത്തലമാണ് കുനാന്‍ പോഷ്‌പോര.

ഒരിക്കല്‍ സ്വാതന്ത്ര്യത്തിന്റെ വിശാലമായ തുറസ്സില്‍ പോക്കുവെയിലില്‍ ചരിഞ്ഞു വീഴുന്ന പുല്‍മേടുകളും മലകളും പോപ്ലാറുകളും കടുകുപാടങ്ങളും കുങ്കുമപ്പൂക്കളും പൈന്‍മരങ്ങളും നിറഞ്ഞ മഹത്തായ ആശയത്തിന്റെ ഭൂമികയായിരുന്നു കശ്മീര്‍. പ്രകൃതിയുടെ ജീവനുള്ള പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചെങ്കിസ് ഐത്മാത്തോവിന്റെ കിര്‍ഗീസ് നോവല്‍ പോലെ ജീവസ്സുറ്റതായിരുന്നു അത്. ഇന്നത് പതുക്കെ മന്ത്രിക്കുന്ന ശ്മശാനങ്ങളുടെ താഴ്‌വരയാണ്. കുഞ്ഞുങ്ങളുടെ ചോരപുരണ്ട പോപ്ലാര്‍ തൈകളാണ് കശ്മീരിലുള്ളത്.

നാളെ: നുണകളുടെ അലിയാത്ത മഞ്ഞുപാളികള്‍

Next Story

RELATED STORIES

Share it