കശ്മീര്‍ ഇസ്രാേയലി മോഡല്‍ പുനരധിവാസം അനുവദിക്കില്ല: ഹുര്‍രിയത്ത്

ശ്രീനഗര്‍: സ്വദേശത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന കശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ക്ക് ഇസ്രാേയലി മാതൃകയില്‍ പുനരധിവാസം നല്‍കാനുള്ള കേന്ദ്ര നിലപാടിനെതിരേ ഹുര്‍രിയത്ത് കോണ്‍ഫറന്‍സും ജമ്മുകശ്മീര്‍ വിമോചന മുന്നണിയും. കശ്മീര്‍ ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച് കശ്മീരി പണ്ഡിറ്റുകളെ വേര്‍തിരിക്കാന്‍ ജമ്മുകശ്മീരിലെ ജനങ്ങള്‍ അനുവദിക്കുകയില്ലെന്ന് ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലിഷാ ഗിലാനി പറഞ്ഞു. പണ്ഡിറ്റുകള്‍ കശ്മീരിന്റെ അവിഭാജ്യ ഘടകമാണ്. കശ്മീരി ജനതയെ വിഭജിക്കുന്നത് ഇരു സമുദായങ്ങളും അംഗീകരിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി രതിദായ് ചൗധരി ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥലം കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി രേഖാമൂലം അറിയിച്ചിരുന്നു.
1990ന്റെ ആദ്യത്തിലെ സായുധ കലാപത്തെ തുടര്‍ന്ന് കശമീര്‍ താഴ്‌വര വിട്ടുപോയ 62,000 കശ്മീരി പണ്ഡിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 40,000 കുടുംബങ്ങള്‍ ജമ്മുവിലും 20,000 കുടുംബങ്ങള്‍ ഡല്‍ഹിയിലും തലസ്ഥാനനഗര മേഖലയിലുമാണ് താമസിക്കുന്നത്. രണ്ടായിരത്തോളം കുടുംബങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമാണ്. കഴിഞ്ഞവര്‍ഷം പണ്ഡിറ്റുകളുടെ പുനരധിവാസ പദ്ധതിക്കു കേന്ദ്രം 2,000 കോടി അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കശ്മീര്‍ താഴ്‌വരയില്‍ 60,000 പാര്‍പ്പിടങ്ങളോടുകൂടിയ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള നീക്കത്തെ വിവിധ കക്ഷികള്‍ എതിര്‍ത്തിരുന്നു.
ഈ പ്രത്യേക ടൗണ്‍ഷിപ്പ് വര്‍ഗീയശക്തികളുടെയും സംഘപരിവാര സംഘടനകളുടെയും സുരക്ഷാകേന്ദ്രമായി മാറുമെന്നും ജമ്മുകശ്മീരിന്റെ ജനസംഖ്യാ നില മാറ്റാന്‍ കാരണമാവുമെന്നും ഗിലാനി പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഹിന്ദു സംസ്ഥാനമാക്കി മാറ്റാന്‍ ഒരിക്കലും അനുവദിക്കുകയില്ലെന്ന് ഗിലാനി പറഞ്ഞു. കശ്മീരിനെ മറ്റൊരു ഫലസ്തീനാക്കി മാറ്റാന്‍ അനുവദിക്കുകയില്ലെന്ന് ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജമ്മുകശ്മീര്‍ വിമോചനമുന്നണി ചെയര്‍മാന്‍ യാസിന്‍ മാലികും പറഞ്ഞു. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ശബീര്‍ അഹ്മദ് ഷായും കേന്ദ്രത്തിന്റെ നീക്കത്തെ എതിര്‍ത്തു.
ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിലയിരുത്തി. കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസം, സേനാ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളുടെ കൈമാറ്റം എന്നിവയും ഉന്നതതല യോഗത്തില്‍ വിഷയമായി.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it