Flash News

കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതിനു കാരണം ശെയ്ഖ് അബ്ദുല്ല: മെഹര്‍ ചന്ദ് മഹാജന്‍

ന്യൂഡല്‍ഹി: കശ്മീര്‍ പാകിസ്താനില്‍ ചേരുന്നത് തടഞ്ഞത്, നിര്‍ണായകമായ യോഗത്തില്‍ ശെയ്ഖ് അബ്ദുല്ല നെഹ്‌റുവിന് നല്‍കിയ കുറിപ്പാണെന്ന് കശ്മീരിന്റെ അക്കാലത്തെ പ്രധാനമന്ത്രി മെഹര്‍ചന്ദ് മഹാജന്‍. കശ്മീരിനെ ഇന്ത്യയില്‍ ചേര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചയാളാണ് മഹാജന്‍. ഇന്ത്യ-പാക് അതിര്‍ത്തി നിര്‍ണയിച്ച റാഡ്ക്ലിഫ് കമ്മീഷനിലും അംഗമായിരുന്നു മഹാജന്‍. 1963ല്‍ പുറത്തിറങ്ങിയ ലുക്കിങ് ബാക്ക്എന്ന തന്റെ ആത്മകഥയിലാണ് മഹാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആത്മകഥയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാനിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന് പകരം സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ മുഴുവന്‍ കശ്മീരും ഇന്ത്യയില്‍ തന്നെ ഉണ്ടാവുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മോദി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. കശ്മീരിന്റെ ഭാവി തീരുമാനിക്കാന്‍ വേണ്ടി 1947 ഒക്‌ടോബര്‍ 26ന് നെഹ്‌റുവിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ കശ്മീരിനെ ഇന്ത്യയോട് ഉടന്‍ ചേര്‍ത്തില്ലെങ്കില്‍ ജിന്നയുമായി കരാറുണ്ടാക്കുമെന്ന് മെഹര്‍ ചന്ദ് മഹാജന്‍ അറിയിച്ചിരുന്നു.സൈന്യത്തെ അയക്കൂ, കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ. ശെയ്ഖ് അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന അധികാരം നല്‍കിക്കോളൂ. പക്ഷേ, ഇന്ന് വൈകീട്ട് തന്നെ സൈന്യം കശ്മീരിലെത്തിയിരിക്കണം. ഇല്ലെങ്കില്‍ കശ്മീര്‍ മുഹമ്മദ് ജിന്നയോടൊപ്പം പാകിസ്താനില്‍ ചേരും. ജമ്മുകശ്മീരിലെ പ്രധാനമന്ത്രി മഹാജന്‍ അന്നത്തെ യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റുവിനോടും ആഭ്യന്തരമന്ത്രി പട്ടേലിനോടും തന്റെ നിലപാട് അറിയിച്ചു. എന്നാല്‍ ഭീഷണിയില്‍ ക്ഷുഭിതനായ നെഹ്‌റു മഹാജനോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞു. യോഗത്തില്‍ നിന്ന് എഴുന്നേറ്റ് പോവാനൊരുങ്ങിയ മഹാജനെ പട്ടേല്‍ തടഞ്ഞു. മഹാജന്‍, നിങ്ങള്‍ പാകിസ്താനിലേക്ക് പോവില്ല. പട്ടേല്‍ മഹാജന്റെ കാതില്‍ മന്ത്രിച്ചു. എന്നിട്ട് ഒരു ചെറിയ കഷ്ണം പേപ്പര്‍ നെഹ്‌റുവിന് കൈമാറി. അത് ശെയ്ഖ് അബ്ദുല്ല നല്‍കിയ കത്തായിരുന്നു. നെഹ്‌റുവിന്റെ വസതിയില്‍ തന്നെ കഴിയുന്ന ശെയ്ഖ് അബ്ദുല്ല യോഗത്തിലെ കാര്യങ്ങള്‍ കേള്‍ക്കാനിടയാവുകയും തുടര്‍ന്ന് നെഹ്‌റുവിന് കുറിപ്പ് നല്‍കുകയുമായിരുന്നു. ആ കുറിപ്പില്‍ പറഞ്ഞിരുന്ന കാര്യവും മഹാജന്‍ പറഞ്ഞ കാര്യവും ഒന്നുതന്നെയായിരുന്നു. കശ്മീര്‍ എത്രയും വേഗം ഇന്ത്യയോടു ചേര്‍ക്കണമെന്നുതന്നെയായിരുന്നു അബ്ദുല്ലയുടെയും ആഗ്രഹം. ജിന്നയെ പൂര്‍ണമായും എതിര്‍ത്തിരുന്ന വ്യക്തിയാണ് അബ്ദുല്ല. ആ കുറിപ്പാണ് നെഹ്‌റുവിനെ മാറി ചിന്തിപ്പിച്ചതെന്നും മഹാജന്‍ ആത്മകഥയില്‍ പറയുന്നു.
Next Story

RELATED STORIES

Share it