കശ്മീര്‍: അനിശ്ചിതത്വം തുടരുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഞായറാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പിഡിപി നേതാവും അന്തരിച്ച മുഫ്തി മുഹമ്മദ് സഈദിന്റെ മകളുമായ മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചു. രാഷ്ട്രീയം പറയാന്‍ നേരമില്ലെന്നും മുഫ്തിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി അനുശോചനമറിയിക്കാനാണു താന്‍ എത്തിയതെന്നുമാണ് ഗഡ്കരി പറഞ്ഞത്.
അതേസമയം, കശ്മീരില്‍ പിഡിപി-ബിജെപി സഖ്യത്തിനു തുടരാനാവുമെന്ന് മുന്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചു ചര്‍ച്ചയൊന്നും നടന്നിട്ടില്ല. പിഡിപിയുമായി ചര്‍ച്ച നടത്തുമെന്നു ഗവര്‍ണര്‍ എന്‍ എന്‍ വോറയെ പാര്‍ട്ടി അറിയിച്ചിട്ടുണ്ടെന്നും നിര്‍മല്‍ സിങ് പറഞ്ഞു. മുഫ്തിയുടെ മരണത്തെത്തുടര്‍ന്നുള്ള ദുഃഖാചരണംഇന്നലെ അവസാനിച്ചിട്ടുണ്ട്.
മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനാണു സോണിയ എത്തിയത്. മെഹബൂബയുടെ ഗുപ്കറിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നുമണിക്കെത്തിയ സോണിയ 20 മിനിറ്റോളം അവിടെ ചെലവഴിച്ചു. രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബികാ സോണി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി എ മിര്‍, പാര്‍ട്ടി നേതാവ് സെയ്ഫുദ്ദീന്‍ സോസ് എന്നിവര്‍ സോണിയയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മുഫ്തിയുടെ മരണശേഷം മെഹബൂബയുടെ മുഖ്യമന്ത്രിപദത്തിന് ബിജെപി ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയ പ്രാധാന്യമുണ്ട്. 2002-2008 കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സും പിഡിപിയും അധികാരം പങ്കിട്ടിരുന്നു. അന്ന് മൂന്നുവര്‍ഷം വീതം രണ്ടു പാര്‍ട്ടികളും മുഖ്യമന്ത്രി പദം പങ്കുവച്ചു.
പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ബിജെപിയും പിഡിപിയും വിലപേശല്‍ നടത്തുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടയിലാണ് സോണിയ, മെഹബൂബയെ കണ്ടത്. തങ്ങളുടെ 28 എംഎല്‍എമാരും മുഖ്യമന്ത്രിസ്ഥാനത്തേക്കു മെഹബൂബയെ പിന്തുണയ്ക്കുന്നതായി അറിയിച്ച് പിഡിപി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. എന്നാല്‍ പിതാവിന്റെ മരണാനന്തരച്ചടങ്ങുകള്‍ പൂര്‍ത്തിയാവുന്നതുവരെ താന്‍ സത്യപ്രതിജ്ഞയെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നാണ് മെഹബൂബ പ്രതികരിച്ചത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ബിജെപിക്കും പിഡിപിക്കും വെള്ളിയാഴ്ച ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബിജെപി നിലപാട് വ്യക്തമാക്കാത്തതിനെത്തുടര്‍ന്നാണു ശനിയാഴ്ച രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്.
മുഫ്തി മുഹമ്മദ് സഈദ് ജനക്ഷേമം നടപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധനായ മികച്ച ഭരണാധികാരിയായിരുന്നുവെന്ന് സോണിയ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, മുഫ്തി മുഹമ്മദ് സഈദിനു വേണ്ടി അനന്ത്‌നാഗ് ജില്ലയിലെ ദാരാഷിഖോ പാര്‍ക്കില്‍ നടന്ന പ്രാര്‍ഥനാ സംഗമത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it