Flash News

കശ്മീരില്‍ 9730 പേരുടെ കല്ലേറു കേസ് പിന്‍വലിക്കും

ന്യൂഡല്‍ഹി: കശ്മീരില്‍ സൈന്യത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളില്‍ തെരുവിലിറങ്ങി കല്ലേറു നടത്തിയ 9730 പേര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 2008 മുതല്‍ 2017 വരെയുള്ള ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. വിഷയം പരിശോധിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം. 1745 കേസുകള്‍ പ്രത്യേക വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പിന്‍വലിക്കുക.  കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന ചെറിയ കല്ലേറു കേസുകളില്‍ ഉള്‍പ്പെട്ട 4000 പേര്‍ക്കും മാപ്പു നല്‍കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളികളുടെയും കുടുംബത്തിന്റെയും സുരക്ഷ പരിഗണിച്ച് ആദ്യ തവണ കുറ്റം ചെയ്തവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. 2016-17 കാലയളവില്‍ 3773 കല്ലേറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1129 പേരെ അറസ്റ്റു ചെയ്തു. 233 പേരെ പിടികൂടാനായിട്ടില്ല. 1841 കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും അവര്‍ പറഞ്ഞു. 2016 ജൂലൈയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 85ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 8750 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2904 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത് ശ്രീനഗറില്‍ നിന്നാണ്. 2330 പേരാണ് ഇവിടെ അറസ്റ്റിലായത്. 52 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 16 ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് പ്രവര്‍ത്തകരും കല്ലേറു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം, 4074 പേര്‍ ഏതെങ്കിലും സായുധ-വിഘടനവാദ സംഘടനകളുമായി ബന്ധമില്ലാത്തവരാണെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it